ആർ.എസ്.എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ല; ആരോപണത്തിന് മറുപടിയുമായി എം.കെ. മുനീര്‍
text_fieldsതിരുവനന്തപുരം: ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആർ.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകില്‍ സി.പി.എം ആകുക അല്ലെങ്കില്‍ ബി.ജെ.പിയാവുക എന്നു പറയും. ആ തീയറി ഇവിടെ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും മുനീർ വ്യക്തമാക്കി.
സി.എ.ജി എന്നുകേട്ടാല്‍ സംഘ്പരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകും. വരുന്ന എല്ലാ സി.എ.ജി റിപ്പോര്‍ട്ടിലും നിങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം ഉണ്ടായാല്‍ പ്രമേയം പാസാക്കി റിപ്പോര്‍ട്ട് തള്ളുന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്ന് മുനീര്‍ ചോദിച്ചു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിന് ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങൾ നീക്കാനുള്ള പ്രമേയം. സി.പി.എമ്മിനെതിരെ സംസാരിക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്ന നിലപാടാണ് പ്രമേയത്തിലൂടെ ആവര്‍ത്തിക്കുന്നത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും സി.പി.എം ഇല്ലാതെയായതെന്നും എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി.
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചക്കിടെ ആർ.എസ്.എസിനെയും മുസ് ലിം ലീഗിനെയും കൂട്ടിച്ചേർത്ത് ഭരണപക്ഷ അംഗങ്ങൾ നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുനീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.