പുരുഷൻ പ്രസവിക്കില്ല, അങ്ങനെ ചിന്തിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ -എം.കെ. മുനീർ
text_fieldsകോഴിക്കോട്: ട്രാൻസ്മെൻ സഹദിന് കുഞ്ഞ് പിറന്നതിൽ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. പുരുഷൻ എങ്ങനെ പ്രസവിക്കുമെന്ന് ചോദിച്ച മുനീർ, അങ്ങനെ ചിന്തിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും പറഞ്ഞു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുനീർ.
‘പുരുഷൻ എങ്ങനെ പ്രസവിക്കും? ഒരു സ്ത്രീ പുരുഷനാകാൻ ശ്രമിച്ച് അവിടെ എത്താത്ത അവസ്ഥയിൽ അവരുടെ ഗർഭപാത്രം അവിടെ തന്നെ നിൽക്കുന്നു. പുറംതോടിൽ പുരുഷൻ ആയെന്ന് പ്രഖ്യാപിക്കുമ്പോഴും അവർ ജന്മംകൊണ്ട് സ്ത്രീ ആയിരുന്നു. ട്രാൻസ്മാനാണ് പ്രസവിച്ചത് എന്ന രീതിയിലാണ് മാധ്യമങ്ങൾ എഴുതുന്നത്. അണ്ഡവും ബീജവും സങ്കലനം ഉണ്ടാകുമ്പോൾ മാത്രമാണ് കുഞ്ഞ് ജനിക്കുന്നത്. അല്ലാതെ കുഞ്ഞ് ജനിക്കുന്നു എന്ന് പറഞ്ഞത് ലോകത്തെ വലിയ അദ്ഭുതമാണ്. അത്തരം അദ്ഭുതങ്ങൾ ഇനി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർ മൂഢരുടെ സ്വർഗത്തിലാണ്’ -മുനീർ പറഞ്ഞു.
ട്രാൻസ്മെൻ സഹദിനും സിയ പവലിനും ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞ് പിറന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ഇതോടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി ഇവർ.
ട്രാൻസ്മെൻ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ സഹദ് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനാവുകയായിരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. മലപ്പുറം സ്വദേശിയായ സിയ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു. ഇരുവരുടെയും പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.