ഒരു വാപ്പക്ക് ജനിച്ചവനാണ് ഞാൻ, പി.എഫ്.ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ മാറ്റമില്ല -മുനീർ
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് സ്വാഗതം ചെയ്ത നിലപാടിൽ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും ഒരു വാപ്പക്ക് ജനിച്ചവനാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.
പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്ത എം.കെ. മുനീർ, ആർ.എസ്.എസും സമാന്തരമായ പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകൾക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് സംശയാസ്പദമെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്. പോപുലർ ഫ്രണ്ടിന്‍റേതിന് സമാനമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടും ഈ സംഘടനകളെയൊന്നും തൊടാതെ പോപുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായ പലതുമുണ്ടെന്നും സലാം പറഞ്ഞിരുന്നു.
പോപുലർ ഫ്രണ്ടിനെതിരായ നടപടികൾ ജനാധിപത്യപരമാകണമെന്നാണ് കെ.എം. ഷാജി പ്രതികരിച്ചത്. പോപുലർ ഫ്രണ്ടിനെതിരെ എടുത്ത തീരുമാനം സുതാര്യവും സത്യസന്ധവുമല്ലെങ്കിൽ അത് ശരിയാവില്ല, അബദ്ധമാകും. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കെ.എം. ഷാജിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.