എം.കെ. പ്രേംനാഥിന്റെ മരണം ചികിത്സ നിഷേധിച്ചതിനാലെന്ന് ബന്ധുക്കൾ
text_fieldsകോഴിക്കോട്: എൽ.ജെ.ഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എം.കെ. പ്രേംനാഥിന്റെ മരണം ഡോക്ടർ ചികിത്സ നിഷേധിച്ചതിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. പക്ഷാഘാതത്തിന്റെ ലക്ഷണവുമായി കോഴിക്കോട് നടക്കാവിലെ ഡോക്ടറെ സമീപിച്ചെങ്കിലും ചികിത്സ നൽകാതെ കൈയൊഴിയുകയായിരുന്നുവെന്നാണ് പ്രേംനാഥിന്റെ മകളുടെ ഭർത്താവ് പുറത്തുവിട്ട വാട്സ്ആപ് ശബ്ദസന്ദേശത്തിൽ ആരോപിക്കുന്നത്.
പ്രേംനാഥിന്റെ സംസ്കാരത്തിനുശേഷം അദ്ദേഹത്തിന്റെ നടക്കാവിലെ വീട്ടിൽ പോയപ്പോൾ അയൽവാസികൾ പറഞ്ഞ കാര്യങ്ങളാണ് വോയ്സ് ക്ലിപ്പിലൂടെ പങ്കുവെച്ചത്. പക്ഷാഘാതം അനുഭവപ്പെട്ടപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാനൊരുങ്ങിയ അയൽക്കാരോട് തന്നെ ചികിത്സിച്ച നടക്കാവിലെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാനാണ് പ്രേംനാഥ് ആവശ്യപ്പെട്ടത്. എന്നാൽ, മുമ്പ് ചികിത്സിച്ച രേഖകൾ ഇല്ലെന്ന കാരണംപറഞ്ഞ് ചികിത്സിക്കാൻ കൂട്ടാക്കിയില്ലെന്നും ക്ഷുഭിതനായ ഡോക്ടർ തന്റെ സമയം മെനക്കെടുക്കാതെ പോകാൻ പറഞ്ഞുവെന്നും ഒരു മുൻ എം.എൽ.എ ആണെന്ന പരിഗണനപോലും കാണിച്ചില്ലെന്നും മരുമകൻ പറയുന്നു.
ആശുപത്രിയിൽ കൊണ്ടുപോയി ഇൻജക്ഷൻ നൽകാനെങ്കിലും ഡോക്ടർ പറഞ്ഞിരുന്നെങ്കിൽ പ്രേംനാഥ് ഇപ്പോഴും തങ്ങളോടൊപ്പമുണ്ടാകുമായിരുന്നുവെന്നും ഏറെ വൈകാരികമായി അദ്ദേഹം പ്രതികരിക്കുന്നു.ഈ വോയ്സ് ക്ലിപ് ശരിവെച്ചുകൊണ്ട് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാർ പാർട്ടി പ്രവർത്തകരോട് പ്രതികരിക്കുന്ന മറ്റൊരു വോയ്സ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രേംനാഥിന്റെ സഹോദരൻ നൽകിയ പരാതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കൈമാറിയിട്ടുണ്ടെന്ന് ശ്രേയാംസ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനുശേഷം തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.