എം.കെ. സക്കീർ വഖഫ് ബോർഡ് ചെയർമാൻ: ‘സ്വകാര്യ സ്വത്തായി കൈവശംവെക്കുന്ന വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യിക്കും’
text_fieldsതിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്‍റെ പതിനഞ്ചാമത്തെ ചെയർമാനായി പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ 10 അംഗങ്ങളും ഐകകണ്ഠ്യേനയാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
സക്കീറിനെ നേരത്തേ ബോർഡ് അംഗമായി സർക്കാർ നാമനിർദേശം ചെയ്തിരുന്നു. വഖഫ് സ്വത്തുക്കൾ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാതെ കുടുംബട്രസ്റ്റിന് കീഴിൽ സ്വകാര്യസ്വത്തായി കൈകാര്യം ചെയ്യുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്ന് ചുമതലയേറ്റശേഷം സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യിക്കാൻ നടപടി സ്വീകരിക്കും. ചില സ്ഥാപനങ്ങൾ സ്വയം പ്രഖ്യാപിത ട്രസ്റ്റുകളായും ചാരിറ്റബിൾ സൊസൈറ്റി എന്ന രൂപത്തിലും മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ ഉറപ്പാക്കി വഖഫ് സ്വത്ത് സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. നഷ്ടപ്പെട്ട സ്വത്തുക്കൾ നിയമപരമായി തിരിച്ചുപിടിക്കും.
ഗ്രാന്‍റ് അപേക്ഷകൾ പരിശോധിച്ച് പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കും. പരാതി കേൾക്കാൻ പുതിയ അദാലത് ഉൾപ്പെടെ സംവിധാനമുണ്ടാക്കും. 90 ശതമാനം തർക്കങ്ങളും രമ്യമായി പരിഹരിക്കാവുന്നവയാണെന്നും അതിന് നടപടിയെടുക്കുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.