'റെഡ് സല്യൂട്ട് കോമ്രേഡ്സ്'... ചുവപ്പിന്‍റെ പ്രവാഹത്തിൽ എം.കെ. സ്റ്റാലിൻ
text_fieldsതിരുവനന്തപുരം: ചുവപ്പിന്‍റെ പ്രവാഹത്തിൽ ആവേശാരവങ്ങൾക്ക് നടുവിലൂടെ ഐക്യാഹ്വാനം അടിവരയിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിലായിരുന്നു വേറിട്ട ഐക്യദാർഢ്യത്തിനും സമാനതകളില്ലാത്ത ഊഷ്മളതക്കും വേദിയായത്. സ്റ്റാലിൻ വേദിയിലേക്കെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുകയായിരുന്നു.
സ്റ്റാലിൻ വരുന്നതുകണ്ട് പിണറായി പ്രസംഗം നിർത്തി, പ്രസംഗപീഠത്തിൽനിന്ന് അദ്ദേഹത്തിനടുത്തേക്കെത്തി ഹസ്തദാനം ചെയ്തു. ഇതോടെ സദസ്സിലാകെ നിറഞ്ഞ കൈയടി. തുടർന്ന് 20 മിനിറ്റോളം നീണ്ട പിണറായി വിജയന്‍റെ സംസാരം സ്റ്റാലിൻ കേട്ടിരുന്നു. പ്രസംഗം അവസാനിപ്പിച്ച് മടങ്ങുമ്പോഴും സ്റ്റാലിൻ വക ഹസ്തദാനം.
സ്റ്റാലിനെ സംസാരിക്കാനായി കാനം രാജേന്ദ്രൻ ക്ഷണിച്ചപ്പോഴും ഹാളിലാകെ ആരവമുയർന്നു. വേദിയിലുള്ള അതിഥികളെയെല്ലാം തമിഴിൽ തന്നെ പേര് പറഞ്ഞ് അഭിസംബോധന ചെയ്ത സ്റ്റാലിൻ തുടർന്ന് മലയാളത്തിലേക്ക്. 'സമീപകാലത്തായി കേരളത്തിൽ നടക്കുന്ന കൂട്ടുകക്ഷികളുടെ പരിപാടികളിൽ എന്നെ വിളിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നടക്കുന്ന ഏതൊരു പരിപാടിയുംപോലെ ഞാൻ ഇവിടെയും സന്തോഷത്തോടെ പങ്കെടുക്കുന്നുണ്ട്.
കണ്ണൂർ സി.പി.എം പാർട്ടി കോൺഗ്രസിെന്‍റ സെമിനാറിൽ ഞാൻ പങ്കെടുത്തിരുന്നു. എന്‍റെ പേര് സ്റ്റാലിൻ എന്നാണ്. അതുകൊണ്ട് നിങ്ങൾക്കും എന്നെ ക്ഷണിക്കാതിരിക്കാൻ പറ്റില്ല. എന്‍റെ പേരിനോടുള്ള നിങ്ങളുടെ ഇഷ്ടം എനിക്ക് ഇവിടെയും കാണാം.
മറ്റൊരു പാർട്ടിയുടെ പരിപാടിയായല്ല, എന്‍റെ സ്വന്തം പാർട്ടിയുടെ പരിപാടിയായാണ് ഇതിനെ കാണുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളിലൊരാളായിട്ടാണെന്നും സ്റ്റാലിന്‍ പറഞ്ഞു'. പിന്നീട് ഡി. രാജക്കും പിണറായി വിജയനും കാനം രാജേന്ദ്രനുമൊക്കെ ചേർന്നുനിന്ന് കൈയുയർത്തി സദസ്സിനാകെ അഭിവാദ്യം ചെയ്തശേഷമാണ് സ്റ്റാലിൻ മടങ്ങിയത്.
അധികാരം കവരുന്നതിനെതിരെ ഒന്നിച്ച് നിലയുറപ്പിക്കണം -എം.കെ. സ്റ്റാലിൻ
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സംസ്ഥാനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സി.പി.ഐ സമ്മേളനത്തോട് അനുബന്ധിച്ച് 'ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും' വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏകാധിപത്യം അനുവദിക്കാനാകില്ല. മതത്തിന്‍റെയും ജാതിയുടെയും പേരിൽ സംഘ് പരിവാർ ജനങ്ങളെ വിഭജിക്കുകയാണ്.
ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്ന മുദ്രാവാക്യത്തോടെയുള്ള നീക്കങ്ങൾ ചെന്ന് നിൽക്കുക ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പിന്നീട് ഒരു ഭരണാധികാരി എന്നതിലേക്കുമായിരിക്കും. ഇത് അംഗീകരിക്കാനാകില്ല. എല്ലാം ഏകീകരിച്ചത് കൊണ്ട് ഐക്യബോധം ഉണ്ടാക്കാനാകില്ല. നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്. എങ്കിലും ഇന്ത്യയില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മളൊരുമിച്ച് നിൽക്കണം. ഇന്ത്യന്‍ വൈവിധ്യത്തെ ഭരണഘടന ശില്‍പികള്‍പോലും അംഗീകരിച്ചതാണ്. ഒന്നുമാത്രം മതിയെന്ന ആശയം രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ നിലവിലെ അധികാരങ്ങൾപോലും കവരുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചു. ന്യായമായ നികുതി വിഹിതം പോലും അന്യായമായി തടയുകയാണ്. ഫെഡറൽ സംവിധാനത്തോട് എല്ലാക്കാലത്തും നിഷേധാത്മക സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
ഈ രീതി കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് ബി.ജെ.പി സർക്കാർ. രാജ്യം പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് പോകണമെന്ന് നേരത്തേതന്നെ ചിന്തിക്കുകയും ഇപ്പോഴും അതിനെക്കുറിച്ച് വാദിക്കുകയും ചെയ്യുന്നവരുടെ കൈകളിലാണ് അധികാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാനം രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.