'മൂന്നുവർഷ ബി.ബി.എ ആറുമാസം കൊണ്ട്, പരീക്ഷയില്ല, വലയിലായത് നിരവധി വിദ്യാർഥികൾ'
text_fieldsകോട്ടയം: ഹ്രസ്വകാല കോഴ്സുകളിലൂടെ ഉന്നത ബിരുദം നേടാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ കോട്ടയം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഓൾ ഇന്ത്യ ഡിസ്റ്റൻസ് എജുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ) മാനേജിങ് ഡയറക്ടർമാർ അറസ്റ്റിൽ.
മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശ്ശേരി വീട്ടിൽ അബ്ദുൽ ആഷിഫ് (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ. അരുൺ അറസ്റ്റ് ചെയ്തത്. മാസങ്ങളിലായി ഒളിവിലായിരുന്ന ഇവർ കോടതി നിർദേശപ്രകാരം പൊലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു. കോട്ടയം നഗരമധ്യത്തിൽ സ്റ്റാർ ജങ്ഷൻ കേന്ദ്രീകരിച്ച് ഓൾ 'ഇന്ത്യ ഡിസ്റ്റൻസ് എജുക്കേഷൻ' പേരിൽ സ്ഥാപനം നടത്തുകയായിരുന്നു.
തമിഴ്‌നാട്ടിലെ മധുര കാമരാജ് സർവകലാശാല അടക്കം വിവിധ സർവകലാശാലകളുടെ ഡിഗ്രി കോഴ്‌സുകൾ ഹ്രസ്വകാലയളവിൽ പാസാക്കി സർട്ടിഫിക്കറ്റുകൾ നൽകുമെന്നുപറഞ്ഞാണ് ഇവർ വിദ്യാർഥികളെ ആകർഷിച്ചിരുന്നത്. മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുടെ മൂന്നുവർഷ ബി.ബി.എ സർട്ടിഫിക്കറ്റ് ആറുമാസം കൊണ്ട് നൽകാമെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവിൽനിന്ന് 33,000 രൂപ ഫീസായി ഇവർ വാങ്ങിയെങ്കിലും വിദ്യാർഥിക്ക്പരീക്ഷയെഴുതാനായില്ല.
ഇതേ സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വിദ്യാർഥിയുടെ ഹാൾടിക്കറ്റ് നമ്പർ വ്യാജമായി ഇവർ ഈ വിദ്യാർഥിക്ക് നൽകുകയായിരുന്നു. തുടർന്ന് തട്ടിപ്പിന് ഇരയായ വിദ്യാർഥി അന്വേഷിച്ചപ്പോൾ സർവകലാശാലയിൽ പേര് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ വിദ്യാർഥി പരാതിയുമായി വെസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു. കോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ പ്രതികളെ പിന്നീട് ജാമ്യത്തിൽവിട്ടു.
സംസ്ഥാനത്തിെൻറ പലഭാഗങ്ങളിലും ഇവർക്ക് ശാഖകളുണ്ടെന്നും സമാനരീതിയിൽ തട്ടിപ്പ് നടന്നിരിക്കാമെന്നും പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.