പണവും കിറ്റും പിന്നെ വർഗീയതയും; മഞ്ചേശ്വരത്ത് എൻ.ഡി.എയുടേത് വെറും പ്രചാരണമായിരുന്നില്ല
text_fieldsകാസർകോട്: 'കേരളത്തിലെ 139 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും പ്രചാരണവും പോലെ കാണരുത് മഞ്ചേശ്വരം മണ്ഡലത്തിലേത്. പണക്കൊഴുപ്പും വർഗീയതയും അതിന്‍റെ കൊടുമുടിയിൽ കയറിയ തെരഞ്ഞെടുപ്പ് കാലമായിരുന്നു ഇത്. എൻ.ഡി.എയുടെ പണക്കൊഴുപ്പ് കണ്ട് എതിർസ്ഥാനാർഥികളും പ്രവർത്തകരും അന്തംവിട്ടു നിന്നിരുന്നു. ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന സ്ഥാനാർഥി. പിന്നാലെ ലക്ഷ്വറി കാറുകൾ. ഹെലികോപ്റ്റർ യാത്രയെ കുറിച്ച് ട്രോളുകൾ പ്രചരിച്ചപ്പോൾ പിന്നെ മംഗളൂരുവിൽ ഇറങ്ങി അവിടുന്നിങ്ങോട്ട് കാറിൽ വരാൻ തുടങ്ങി. കോഴിക്കോടും കോന്നിയും രാവിലെ പത്തിന് കണ്ട സ്ഥാനാർഥി ഉച്ചയാവുേമ്പാൾ മഞ്ചേശ്വരത്ത് എത്തുേമ്പാൾ എല്ലാവർക്കും അറിയാമായിരുന്നു എങ്ങനെ വന്നുവെന്ന്' -കൊടകര കുഴൽപ്പണ കേസിന്‍റെ പശ്ചാത്തലത്തിൽ മഞ്ചേശ്വരത്തെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പണമൊഴുക്കും ചർച്ചയാകുേമ്പാൾ, പ്രചാരണകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അവിടെ വിജയിച്ച എ.കെ.എം. അഷ്റഫ് എം.എൽ.എ.
പ്രചാരണം കർണാടക ടീമിന്
വോട്ടർമാരെ സ്വാധീനിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം എൻ.ഡി.എ ചെയ്തുവെന്ന് അഷ്റഫ് പറയുന്നു. തെരഞ്ഞടുപ്പ് പ്രചാരണത്തിന്‍റെ അന്തിമഘട്ടത്തിൽ ഓരോ വീടുകളും കയറിയിറങ്ങി കിറ്റുകൾ വിതരണം ചെയ്തു. 500 രൂപക്കൊപ്പമാണ് ഈ കിറ്റ് നൽകിയത്. മറ്റെല്ലാ മണ്ഡലത്തിലും പ്രചാരണം നടത്തുന്നത് അതത് നാട്ടുകാരാണെങ്കിൽ മഞ്ചേശ്വരത്ത് അങ്ങനെയല്ല. എൻ.ഡി.എയുടെ പ്രചാരണം നിയന്ത്രിച്ചത് കർണാടകക്കാരാണ്. കർണാടകയിലെ മന്ത്രിമാരും എം.പി- എം.എൽ.എമാരും ഇത്രയും സജീവമായ തെരഞ്ഞെടുപ്പ് ഗോദ മഞ്ചേശ്വരത്തുകാർ നേരത്തേ കണ്ടിട്ടില്ല.
മഞ്ചേശ്വരം ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായിട്ടാണ് പ്രചാരണം. അത് പിടിച്ചെടുക്കാൻ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. കേരളത്തിന്‍റെ മതേതര മനസ്സ് ഇത്തവണയും അത് സമ്മതിച്ചില്ലെന്നു മാത്രം. കുറഞ്ഞ വോട്ടുകൾക്കാണെങ്കിലും ഈ ജയം ഫാഷിസത്തിനെതിരായ പോരാട്ടമാണ്. തോറ്റിട്ടും കടുത്ത വർഗീയ പ്രചാരണമാണ് ഇപ്പോഴും നടക്കുന്നത്. മുസ്ലിം ധ്രുവീകരണം എന്നപേരിലാണ് ജയെമന്ന് പരിഹസിക്കുന്നു. ഇതൊന്നുമല്ല യാഥാർഥ്യമെന്ന് മണ്ഡലത്തിലുള്ളവർക്ക് അറിയാം.
വീട് കയറാൻ മന്ത്രിമാർ
കർണാടകയിലെ ആർ.എസ്.എസിനായിരുന്നു പ്രചാരണ ചുമതല. ദക്ഷിണ കന്നട ജില്ലയിൽ എട്ടു എം.എൽ.എമാരാണ് ഉള്ളത്. അതിൽ ഏഴും ബി.ജെ.പിക്കാർ. എം.പിയും ബി.ജെ.പിയിൽനിന്നു തന്നെ. ജില്ലാ പഞ്ചായത്തും മംഗലാപുരം കോർപറേഷനും ബി.ജെ.പിയാണ് ഭരിക്കുന്നത്. കർണാടക മന്ത്രിസഭയിൽ രണ്ട് മന്ത്രിമാർ ഇത്തവണ മംഗലാപുരത്തുനിന്നാണ്. ഈ ശക്തി കേന്ദ്രങ്ങളിലെ ഏറക്കുറെ മുഴുവൻ സംവിധാനവും മഞ്ചേശ്വരത്ത് തമ്പടിച്ചു. സ്വന്തം മണ്ഡലങ്ങളിലെന്ന പോലെ മന്ത്രിമാർ വീടുകൾ കയറിയിറങ്ങി. എം.പി- എം.എൽ.എമാരും കോർപറേഷൻ കൗൺസിലർമാരും പാർട്ടി ഭാരവാഹികളും പ്രവർത്തകരും തുടങ്ങി സർവസന്നാഹവും മണ്ഡലത്തിൽ നിലയുറപ്പിച്ചു.
ജാതിതിരിച്ച് പ്രചാരണം
ആരെയും അദ്ഭുതപ്പെടുന്നതായിരുന്നു ബി.ജെ.പി പ്രചാരണ രീതി. മണ്ഡലത്തിലെ എല്ലാ ജാതിക്കാരുടെയും വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യക ഗ്രൂപ്പുകളുണ്ടാക്കി. ഹിന്ദുമതത്തിലെ വിവിധ ജാതിക്കാരെ സ്വാധീനിക്കാൻ ബന്ധപ്പെട്ട ജാതിയിലുള്ളവരുടെ സംഘത്തെ നിയോഗിച്ചു. ക്രിസ്ത്യൻ വിഭാഗത്തിന്‍റെ അടുത്തേക്ക് മംഗലാപുരത്തും ഉഡുപ്പിയിലുമുള്ള ക്രൈസ്തവരായ ബി.ജെ.പിക്കാരെ നിയോഗിച്ചു. മുസ്ലിം വീടുകളിൽ കന്നടയിലെ മുസ്ലിം ബി.ജെ.പിക്കാരും. വിവിധ ജാതിക്കാർക്കായി അവരുടെ ഭാഷ സംസാരിക്കുന്നവരെയും ഏർപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് മത്സരിക്കുന്ന മണ്ഡലമായിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രിയോ മഞ്ചേശ്വരത്ത് വന്നില്ല. അതിനുപിന്നിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
വർഗീയത മാത്രം
യു.ഡി.എഫ് സ്ഥാനാർഥി എന്ന പേരിലല്ല എന്നെ വിശേഷിപ്പിച്ചത്. മുസ്ലിം സ്ഥാനാർഥിയെന്നും മുസ്ലിംകൾക്കു വേണ്ടി മാത്രമുള്ള ആളാണെന്നും ചിത്രീകരിച്ചു. മുസ്ലിം ലീഗ് എന്ന് വല്ലപ്പോഴും പറഞ്ഞാലും യു.ഡി.എഫ് എന്നു പറയില്ല. അതിൽ വളരെ 'സൂക്ഷ്മത' പാലിച്ചു. ഞാൻ എവിടെ പോകുന്നു, ആരെ കാണുന്നു തുടങ്ങിയെല്ലാം നിരീക്ഷിക്കാൻ തുടങ്ങി. ഒരു വ്യവസായ പ്രമുഖനെ കണ്ട് അനുഗ്രഹം വാങ്ങി ദിവസങ്ങൾക്കകം അദേഹത്തെ മറുപക്ഷത്തിന്‍റെ സ്റ്റേജിലെത്തിച്ച സംഭവം വരെയുണ്ടായി. ഒരുനിലക്കും ഒരാളും സഹായിക്കാനോ ആശീർവദിക്കാനോ ഉണ്ടാവരുതെന്ന ചെറിയ തന്ത്രം മാത്രമാണത്.
മുസ്ലിം വിഭാഗത്തിൽ ഏകീകരണം ഉണ്ടാവാതിരിക്കാനും ശ്രമിച്ചുവെന്നതാണ് ഏറെ കൗതുകകരം. ബി.ജെ.പി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക നൽകാൻ തെരഞ്ഞെടുത്ത ദിവസം ഉദാഹരണം. വെള്ളിയാഴ്ച ജുമുഅ വേളയിലാണ് വലിയ ആൾക്കൂട്ടത്തോടെ പത്രിക നൽകിയത്. ഇവരുടെ സംഘടിത ശക്തിയോ മറ്റോ കണ്ട് മുസ്ലിം വിഭാഗത്തിൽ വല്ല ഏകീകരണം വന്നെങ്കിലോ എന്നു കരുതി മാത്രമാണത്. എനിക്കെതിരെ അപരനായി മത്സരിപ്പിക്കാൻ അഞ്ചെട്ട് അഷ്റഫുമാരെയാണ് സമീപിച്ചത്. പലർക്കും പലതും ഓഫർ ചെയ്തു. പക്ഷേ, ഒരാളും അതിലൊന്നും വീണില്ല.
കുരിശ് തകർത്ത സംഭവം
പ്രചാരണം മൂർധന്യാവസ്ഥയിലായ സമയം. ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം നാടാകെ പ്രചരിക്കുന്നു. എൻമകജെ പഞ്ചായത്തിലെ മണിയമ്പാറയിൽ കുരിശ് തകർത്തു എന്നാണ് ആ വലിയ വാർത്ത. ഞങ്ങൾ എല്ലാവരും അവിടെ ഓടിയെത്തി. കുരിശിന്‍റെ തല വെട്ടിമാറ്റിയിരിക്കുന്നു. പ്രതീക്ഷിച്ച പോലെ കുറച്ചുകഴിഞ്ഞപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളിൽ 'പ്രതി' ഞങ്ങളാണെന്ന തരത്തിൽ പ്രചാരണമുണ്ടായി. ക്രിസ്ത്യൻ- മുസ്ലിം ചേരിതിരിവ് പ്രകടിപ്പിച്ച് ഓഡിയോ ക്ലിപ്പിങും വന്നു. ഇതോടെ, ബദിയടുക്ക പൊലീസിൽ പരാതി കൊടുത്തു. 300ഓളം ക്രിസ്ത്യാനികൾ പാർക്കുന്ന പ്രദേശമായിരുന്നു അവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.