വെറും പത്ത് നാൾ എം.എൽ.എ പദവിയിലിരുന്ന നേതാവ്
text_fieldsമലപ്പുറം: മുൻ രാജ്യസഭാംഗം സി. ഹരിദാസിെൻറ പേരിനൊപ്പം സ്ഥിരമായി ചേർക്കുന്നത് 'എക്സ് എം.പി' എന്നാണ്. കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോഡിന് ഉടമയാണ് ഒരാഴ്ച മാത്രം നിയമസഭയിലിരിക്കാൻ ഭാഗ്യമുണ്ടായ ഇദ്ദേഹം. ഹരിദാസിെൻറ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞകാലം എം.എൽ.എ എന്ന നിലയിലാണ്.
എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥികളായിരുന്ന എ.കെ. ആൻറണിക്കും വയലാർ രവിക്കുമൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ച പൊന്നാനിക്കാരൻ. 1980ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ആൻറണി വിഭാഗം കോൺഗ്രസ് ഇടതുചേരിയിലായിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയത് ഹരിദാസിനെ. എതിരാളി അന്നത്തെ ജില്ല കോൺഗ്രസ് അധ്യക്ഷൻ ടി.കെ. ഹംസ. ആര്യാടൻ മുഹമ്മദ് പ്രതിനിധീകരിച്ചിരുന്ന മണ്ഡലം 6423 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (യു) പാർട്ടിക്ക് വേണ്ടി ഹരിദാസ് നിലനിർത്തി. നിയമസഭക്കൊപ്പം ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു.
പൊന്നാനിയിൽ മുസ്ലിം ലീഗിലെ ജി.എം. ബനാത്ത്വാലക്കെതിരെ ഇടതുപക്ഷം മത്സരിപ്പിച്ചത് ആൻറണി വിഭാഗത്തിെൻറ മുതിർന്ന നേതാവ് ആര്യാടനെ. പൊന്നാനിയിൽ തോറ്റെങ്കിലും സംസ്ഥാനത്ത് അധികാരത്തിൽ വന്ന ഇ.കെ. നായനാർ സർക്കാറിൽ ആര്യാടൻ മുഹമ്മദിന് മന്ത്രിസ്ഥാനം ലഭിച്ചു. 1980 ജനുവരി 24ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഹരിദാസിന് നിലമ്പൂർ വിട്ടുകൊടുക്കേണ്ടി വന്നു. ഹരിദാസ് പത്താം നാൾ എം.എൽ.എ സ്ഥാനം രാജിവെച്ച ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ആര്യാടൻ വീണ്ടും നിയമസഭയിൽ. രാജ്യസഭ സീറ്റ് നൽകി ഹരിദാസിന് പാർട്ടിയുടെ സാന്ത്വനം. 1980 ഏപ്രിൽ നാലിന് ഇദ്ദേഹം എം.പിയായി. ഇന്ദിരാഗാന്ധി വധം, രാജീവ് ഗാന്ധിയുടെ അധികാരാരോഹണം തുടങ്ങിയ ചരിത്രസംഭവങ്ങൾ അരങ്ങേറുേമ്പാൾ രാജ്യസഭയിലുണ്ടായിരുന്നു.
2000ത്തിൽ പൊന്നാനി നഗരസഭ ചെയർമാനായി. ഒരാഴ്ച നീണ്ടുനിന്ന 1980ലെ പ്രഥമ നിയമസഭ സമ്മേളനത്തിൽ പ്രവാസി യാത്രാപ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഹരിദാസ് ഓർക്കുന്നു. മതേതരത്വം ജീവവായുവാണെന്ന് പറയുന്ന ഇൗ 80കാരൻ രാജ്യത്തിെൻറ മുഖ്യശത്രുക്കളായി കാണുന്നത് ബി.ജെ.പിയെയും ആർ.എസ്.എസിനെയുമാണ്. കോൺഗ്രസിെൻറയും മദ്യനിരോധനസമിതിയുടെയുമെല്ലാം പ്രവർത്തനങ്ങളുമായി ഇപ്പോഴും പൊതുരംഗത്ത് സജീവമാണ് ഈ ഗാന്ധിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.