അൻവറിന്റെ ക്രഷർ യൂനിറ്റ് പങ്കാളിത്ത കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് സ്വീകരിച്ചതിനെതിരെ ഹരജി
text_fieldsകൊച്ചി: പി.വി. അൻവർ എം.എൽ.എ ക്രഷർ യൂനിറ്റിൽ പാർട്ണർഷിപ് നൽകാമെന്ന് വാഗ്ദാനം നൽകി പണംതട്ടിയ കേസ് സിവിൽ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പരാതിക്കാരൻ ഹൈകോടതിയിൽ. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി സ്വീകരിച്ചതിനെതിരെ പരാതിക്കാരനായ മലപ്പുറം സ്വദേശി നടുത്തൊടി സലീമാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
മംഗലാപുരം ബൽത്തങ്ങാടിയിലെ അഞ്ചുകോടി രൂപ വരുന്ന കെ.ഇ സ്റ്റോൺ ക്രഷറും മെഷീനുകളും വാഹനങ്ങളും തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പാർട്ണർഷിപ് നൽകാമെന്നും പി.വി. അൻവർ ഉറപ്പുനൽകിയതിനെ തുടർന്ന് 2012 ഫെബ്രുവരി 17ന് 50ലക്ഷം രൂപ നൽകി പാർട്ണർഷിപ് കരാറിലേർപ്പെട്ടതായി ഹരജിയിൽ പറയുന്നു.
പ്രതിമാസം 50,000 രൂപ നൽകാമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇത് പാലിക്കാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. പരാതി സിവിൽ സ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ടും നൽകി. ഇതു തള്ളിയ കോടതി തുടരന്വേഷണം നടത്താൻ നിർദേശിച്ചതിനെ തുടർന്ന് വീണ്ടും ഇതേ റിപ്പോർട്ടുതന്നെ നൽകി. ഈ റിപ്പോർട്ടാണ് കോടതി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.