'എം.എൽ.എയുടേത് നാടകം, കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ്'; വിനോദ യാത്രാ വിവാദത്തിൽ കുറിപ്പുമായി കോന്നി ഡെപ്യൂട്ടി തഹസിൽദാർ
text_fieldsപത്തനംതിട്ട: ജനീഷ് കുമാർ എം.എൽ.എയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാർ. താലൂക്ക് ഓഫീസിൽ നടന്നത് എം.എൽ.എ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹിൽദാർ എം.സി രാജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു. കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാർ വിനോദ യാത്ര പോയ വിഷയത്തിൽ ജനീഷ് കുമാർ എം.എൽ.എയെ ആക്ഷേപിച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാജേഷ് പോസ്റ്റിട്ടത്. മുൻകൂട്ടി തിരക്കഥയെഴുതിയ നാടകത്തിൽ എം.എൽ.എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് അറ്റന്റൻസ് രജിസ്റ്റർ പരിശോധിച്ചിതിനേയും വിമർശിച്ചു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്നും പോസ്റ്റിൽ ചോദിക്കുന്നു. കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും പോസ്റ്റിലുണ്ട്. രജിസ്റ്റർ പരിശോധിക്കാൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്ന എ.ഡി.എമ്മിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഡെപ്യൂട്ടി തഹസിൽദാരും എം.എൽ.എക്ക് എതിരെ രംഗത്തുവന്നത്.
അതിനിടെ താലൂക്ക് ഓഫീസിൽ നിന്ന് വിനോദയാത്ര പോയ ജീവനക്കാരുടെ സംഘം തിരിച്ചെത്തി. മാധ്യമങ്ങൾ കാത്ത് നിൽക്കുന്നത് മനസിലാക്കി കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രഹസ്യമായിറങ്ങിയ ഇവർ ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്. വിവാദങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മേലുദ്യോഗസ്ഥർക്ക് വിശദീകരണങ്ങൾ നൽകുമെന്നും ജീവനക്കാർ പറഞ്ഞു.
ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദ യാത്ര പോയതെന്ന എം.എൽ.എ ജെനീഷ് കുമാറിന്റെ ആരോപണത്തെ വകയാർ മുരഹര ട്രാവൽ ഏജൻസി തള്ളി. താലൂക്ക് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളിൽ മാറ്റമില്ലെങ്കിലും കൂടുതൽ പ്രതികരണങ്ങൾ നടത്തി വിവാദം വലുതാക്കേെണ്ടന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം.
നടപടി ഉറപ്പ് -എം.എൽ.എ
ഉല്ലാസയാത്ര വിവാദത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് എം.എൽ.എ ആവർത്തിച്ചു. ഇക്കാര്യത്തിൽ, സംസ്ഥാന സർക്കാറിന്റെ നയങ്ങളും നിലപാടുകളും വ്യക്തമാണ്. ചിലർ പുറത്തു പറയുന്ന രാഷ്ട്രീയമാനങ്ങളൊന്നും വിഷയത്തിനില്ല. ജനങ്ങൾ നേരിട്ട് കണ്ട വിഷയമാണിത്. റവന്യൂമന്ത്രിയുടെ നിലപാടും സ്പഷ്ടമാണ്. രണ്ടുദിവസത്തിനകം നടപടി വരുമെന്ന് എം.എൽ.എ പറഞ്ഞു.
ഉല്ലാസയാത്രക്ക് ക്വാറി ഉടമയുടെ ബസ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണം എം.എൽ.എ ആവർത്തിച്ചു. ക്വാറി ഉടമയിൽനിന്ന് പണം വാങ്ങി യാത്രപോയെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, പുറത്തുവന്ന ചില വിവരങ്ങൾ ബന്ധങ്ങളെക്കുറിച്ച് സൂചന നൽകുന്നു. ബസ് ആവശ്യപ്പെട്ടത് ശനി, ഞായർ ദിവസങ്ങളിലേക്കായിരുന്നെങ്കിലും ഞായറാഴ്ച ഒഴിവില്ലാത്തതിനാലാണ് വെള്ളിയാഴ്ചത്തേക്ക് യാത്ര മാറ്റിയതെന്ന് ട്രാവൽസ് മാനേജർ തന്നെ പറയുന്നു. യാത്രയുമായി ബന്ധപ്പെട്ട എഗ്രിമെന്റോ മറ്റോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. കോന്നി താലൂക്ക് ഓഫിസിലെ ചില ഉദ്യോഗസ്ഥർക്ക് മുമ്പുതന്നെ ക്വാറി മാഫിയ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്.
ജീവനക്കാർ തിരിച്ചെത്തി
കോന്നി: താലൂക്ക് ഓഫിസിൽനിന്ന് വിനോദയാത്ര പോയ സംഘം തിരികെ വരുന്നതുകാത്ത് നിന്ന മാധ്യമ സംഘത്തെ വെട്ടിച്ച് ജീവനക്കാർ കടന്നു. ജീവനക്കാരുടെ വാഹനങ്ങൾ കോന്നി താലൂക്ക് ഓഫിസ് പരിസരത്ത് പാർക്ക് ചെയ്ത ശേഷമാണ് ഇവർ യാത്ര പോയത്. ഈ വാഹനങ്ങൾ എടുക്കാൻ വരുമെന്ന് കരുതിയാണ് മാധ്യമപ്രവർത്തകർ താലൂക്ക് ഓഫിസ് പരിസരത്ത് നിന്നത്. എന്നാൽ, ഇവർ അവരവരുടെ വീടുകൾക്ക് മുന്നിൽ ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു കോന്നി താലൂക്ക് ഓഫിൽനിന്ന് വിവിധ സെക്ഷനുകളിലെ ജീവനക്കാർ അവധിയെടുത്തും എടുക്കാതെയും വിനോദയാത്ര പോയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും ജീവനക്കാരുടെ ആഘോഷത്തെയും യാത്രയെയും ബാധിച്ചില്ല. കോന്നി തഹസിൽദാർ അടക്കം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.