ഇ.ഡിക്കെതിരായ എം.എൽ.എമാരുടെ പൊതുതാൽപര്യ ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: കിഫ്ബിയെ തകർക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം നടത്തുന്നതായി ആരോപിച്ച് അഞ്ച് ഇടത് എം.എൽ.എമാർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പിൻവലിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹരജി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നേരത്തേ ഹരജി പരിഗണിച്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് പിൻവലിക്കാൻ എം.എൽ.എമാർ അനുമതി തേടുകയും ഡിവിഷൻ ബെഞ്ച് അനുവദിക്കുകയും ചെയ്തത്.
73,000 കോടിയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്‍റെ പേരുപറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഹരജി. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണ്. രാഷ്ട്രീയ താൽപര്യത്തോടെയാണ് ഇ.ഡിയുടെ നടപടികളെന്നും അവരുടെ അഭിഭാഷകൻ ആരോപിച്ചു. എന്നാൽ, ആരോപണം തെറ്റാണെന്നും സമൻസ് ലഭിച്ചവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ വാദം.
സമൻസ് ലഭിച്ചവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും ഇത്തരമൊരു പൊതുതാൽപര്യ ഹരജി നിലനിൽക്കുന്നതാണോയെന്നുമുള്ള പരാമർശത്തോടെയാണ് ഹരജി ഫയലിൽ സ്വീകരിക്കാതെതന്നെ കോടതി വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.