മോന്‍സനൊപ്പം വാളുംപിടിച്ച് നിന്ന ബെഹ്റക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോയെന്ന് എം.എം ഹസന്‍
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളേയും മാധ്യമങ്ങളെയും പിണറായി വിജയന്‍റെ പൊലീസ് വേട്ടയാടുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. മോദിയുടെ ഏകാധിപത്യ ഫാഷിസ്റ്റ് നടപടികളെയും കടത്തിവെട്ടും വിധമാണ് പിണറായി പെരുമാറുന്നത്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുക്കുന്ന പൊലീസ്, മുഖ്യമന്ത്രിയുടെ മാനസപുത്രനായ മുന്‍ ഡി.ജി.പിയും മോന്‍സനൊപ്പം വാളും പിടിച്ച് നില്‍ക്കുന്ന ലോക്നാഥ് ബെഹ്റക്കെതിരെയും എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു.
കെ.പി.സി.സി അധ്യക്ഷനെതിരായ കെ. സുധാകരനെതിരായ കള്ളക്കേസ് രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായുള്ളതാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിയും ദുര്‍ഭരണവും തുറന്ന് കാട്ടി ശക്തമായ നിലപാട് എടുക്കുന്ന കെ.പി.സി.സി അധ്യക്ഷനെതിരായ കള്ളക്കേസിനെ കോണ്‍ഗ്രസും യു.ഡി.എഫും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഹസ്സൻ വ്യക്തമാക്കി.
ഗുരുതര അഴിമതി ആരോപണങ്ങളില്‍ അത്യാസന്നനിലയിലായ പിണറായി സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പൊടികൈകളാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍. ഐ.സി.യുവില്‍ കിടക്കുന്ന രോഗിക്ക് ഓക്സിജന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുംഎതിരെയുള്ള പൊലീസ് നടപടി.
പരീക്ഷ എഴുതാതെ വിജയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള ആരോപണവും മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക വ്യാജരേഖ ചമച്ച് ജോലിക്ക് ശ്രമിച്ച കേസിലും സര്‍ക്കാരും പൊലീസും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. അത്തരം ഒരുഘട്ടത്തിലാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ കള്ളക്കേസുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നതെന്നും ഹസ്സൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.