‘ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയല്ല, മുഖം കോടുകയാണ് ചെയ്യുക’, ഗണേഷിനെതിരെ എം.എം. ഹസ്സൻ
text_fieldsതിരുവനന്തപുരം: ഗണേഷ് കുമാറിനെ പോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയല്ല, മുഖം കോടുകയാണ് ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സർക്കാറിന്റെ മുഖം മിനുക്കാൻ പിണറായി മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ പോവുകയാണ്.
ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ യു.ഡി.എഫിന് അഭിപ്രായമില്ല. പക്ഷെ, ഇതുപോലൊരാളെ മന്ത്രിയാക്കാൻ പിണറായി വിജയൻ ശ്രമിക്കുമോയെന്നത് കാണേണ്ടിയിരിക്കുന്നു. ഗണേഷ് കുമാർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെ ഒരാളെ മന്ത്രിയാക്കരുതെന്ന് പറയേണ്ട ആവശ്യമൊന്നും ഞങ്ങൾക്കില്ലെന്നും ഹസ്സൻ പറഞ്ഞു. സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന സാഹചര്യത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ല.
ഉമ്മൻ ചാണ്ടി സർക്കാറിൽ മന്ത്രിയായിരുന്നു ഗണേഷ് കുമാർ. അങ്ങനെയൊരു അബദ്ധം ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചു. അന്ന്, ഗണേഷിനോട് രാജിവെക്കാൻ പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലല്ല. അദ്ദേഹത്തിന്റെ കുടുംബപ്രശ്നം കാരണമാണ്. അതെല്ലാവർക്കും അറിയാം. ഇതിനുള്ള പ്രതികാരമാണ് പിന്നീട് നാം കണ്ടത്. സോളാർ കേസിലൂടെ അധികാരത്തിൽ വരാൻ കഴിഞ്ഞ ഇടതുസർക്കാർ ഈ സാമൂഹിക വിരുദ്ധ പ്രവണതകളുള്ള രാഷ്ട്രീയ നേതാവിന് അവർ, നൽകിയ പാരിതോഷികമാണ് ഗണേഷിന്റെ എം.എൽ.എ സ്ഥാനം.
പരാതിക്കാരിയുടെ മുൻ ഭർത്താവ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യങ്ങൾ, മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി പുറത്ത് പറഞ്ഞില്ല. ഏറെ വേട്ടയാടൽ നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത് ‘സത്യം വിജയിക്കും, ഞാനൊരു ദൈവ വിശ്വാസിയാണ്’ എന്നായിരുന്നു. ഇപ്പോൾ, ദൈവത്തിന്റെ രൂപത്തിൽ വന്നത് സി.ബി.ഐയാണ്. ഈ വിഷയത്തിൽ സി.ബി.ഐ കൂടുതൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.