മുൻ മേഘാലയ ഗവർണർ എം.എം ജേക്കബ് അന്തരിച്ചു
text_fieldsകോട്ടയം: മുൻ മേഘാലയ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവും േകന്ദ്രമന്ത്രിയുമായിരുന്ന എം.എം. ജേക്കബ് (90) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ഏഴിന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യസഭ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായ എം.എം. ജേക്കബ് മൂന്നുതവണ കേന്ദ്രസഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
പാലാ രാമപുരം മുണ്ടക്കല്‍ ഉലഹന്നന്‍ മാത്യു-റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1928 ആഗസ്റ്റ് ഒമ്പതിനാണ് മുണ്ടക്കല്‍ മാത്യു ജേക്കബ് എന്ന എം.എം. ജേക്കബിെൻറ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, മദ്രാസ് ലയോള കോളജ്, ലഖ്നോ യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം.എ, എല്‍എല്‍.ബി ബിരുദങ്ങള്‍ സമ്പാദിച്ചു. അമേരിക്കയിലെ ചിക്കാഗോ യൂനിവേഴ്സിറ്റിയില്‍നിന്ന് സോഷ്യല്‍ സയന്‍സില്‍ പഠനവും പരിശീലനവും നേടി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പഠിക്കവെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ ഇടക്കാലത്ത് പഠനം ഉപേക്ഷിച്ചു. കോൺഗ്രസ് രാമപുരം മണ്ഡലം സെക്രട്ടറിയായി ആയിരുന്നു രാഷ്ട്രീയ പ്രവേശനം. ഭൂദാനപ്രസ്ഥാനത്തിലൂടെയാണ് സജീവ പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. 1954ൽ ഭാരത് സേവക് സമാജിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ രണ്ടുതവണ മത്സരിച്ചു. 1970ൽ 374 വോട്ടിനും 1980ൽ 4566 വോട്ടിനും മാണിയോട് പരാജയപ്പെട്ടു.
1982ലും 1988ലും രാജ്യസഭ അംഗമായി (1982 മുതൽ 1994 വരെ). 1986ൽ രാജ്യസഭ ഉപാധ്യക്ഷനായി. കോണ്‍ഗ്രസ് പാര്‍ലമെൻറ് ചീഫ് വിപ്പ് (1989-91), രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാര്‍ലമെൻറികാര്യ മന്ത്രി, ജലവിഭവ മന്ത്രി (1986-89), നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി (1991-93) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985ലും 1993ലും യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചു. 1993ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994യിൽ വിയന്നയിലും നടന്ന യു.എൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു.1994ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ നിരീക്ഷകനായിരുന്നു. 1995ലാണ് മേഘാലയ ഗവര്‍ണറായി നിയമിതനായത്. 2000ൽ വാജ്പേയി സർക്കാർ പുനർനിയമനം നൽകി. 2005 മുതൽ 2007വരെ കാലാവധി നീട്ടി നൽകി.
കെ.പി.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ, എ.ഐ.സി.സി അംഗം, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, വീക്ഷണം മാനേജിങ് ഡയറക്ടര്എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ അച്ചാമ്മ തിരുവല്ല കുന്നുതറ കുടുംബാംഗമാണ് (തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്). മക്കൾ: ജയ (കേരള ട്രാവൽസ് മാനേജിങ് ഡയറക്ടർ, തിരുവനന്തപുരം), ജെസി (ഇന്ത്യൻ എംബസി, ജർമനി), എലിസബത്ത് (എയർ ഇന്ത്യ, എറണാകുളം), റേച്ചൽ (ചെന്നൈ). മരുമക്കൾ: കെ.സി. ചന്ദ്രഹാസൻ (കേരള ട്രാവൽസ്), പരേതനായ ഫാൽക് റെയ്റ്റ്സ് (ജർമനി), തോമസ് എബ്രഹാം (ബിസിനസ്, എറണാകുളം), എൽഫിൻ മാത്യൂസ് (ബിസിനസ്, ചെന്നൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.