സമര പുളകങ്ങൾ; വെട്ടിനിരത്താനാകാത്ത വിപ്ലവ ജീവിതം
text_fieldsകമ്യൂണിസ്റ്റുകാരനാവുക എന്നത് അതിസാഹസികമായിരുന്ന കാലത്ത് ലോറൻസ് നെഞ്ചുറപ്പോടെ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടി. അന്നുമുതൽ പോരാട്ടങ്ങളുടേതായിരുന്നു ആ ജീവിതം
തിരുവനന്തപുരം: സി.പി.എമ്മിൽ വിഭാഗീയത പിടിമുറുക്കിയ കാലത്തിന്റെ നേർസാക്ഷി മാത്രമല്ല, വലിയൊരളവിൽ ഇരയുമായിരുന്നു പൊന്നരിമംഗലം മാടമാക്കൽ മാത്യു ലോറൻസ് എന്ന എം.എം ലോറൻസ്. ഐക്യകേരളം സ്ഥാപിതമാകുന്നതിനു മുമ്പ് കൊച്ചിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നട്ടുവളർത്തുന്നതിൽ ഉയിര് പകുത്തും മുന്നിൽ നിന്നു. ട്രേഡ് യൂനിയന്‍ സജീവമായതോടെ നേതൃരംഗത്തെത്തി. പാർട്ടി രണ്ടായി പിരിഞ്ഞപ്പോൾ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. പാർട്ടിയിൽ വിഭാഗീയത ശക്തമായ കാലത്ത് പക്ഷം ചേർന്നും അധികാരപ്പോരിൽ തിരിച്ചടി നേരിട്ടും മുന്നണി കൺവീനറായി ഇടതുപാർട്ടികളെ ചലിപ്പിച്ചുമെല്ലാം കേരള രാഷ്ട്രീയത്തില്‍ സജീവമായി നിലകൊണ്ടു. ‘കയറ്റിറക്കങ്ങളുടെ രാഷ്ട്രീയ’മെന്ന് ഒറ്റവാക്കിൽ പറഞ്ഞുപോകാമെങ്കിലും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് നേരെ എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് വന്നിരിക്കേണ്ട വിധം ആഴവും ആഘാതമുണ്ടതിന്.
കമ്യൂണിസ്റ്റുകാരനാവുക എന്നത് അതിസാഹസികമായിരുന്ന കാലത്താണ് നെഞ്ചുറപ്പോടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. അന്നുമുതൽ പോരാട്ടങ്ങളുടേതായിരുന്നു ആ ജീവിതം. 17 ാം വയസ്സിൽ തുടങ്ങിയതാണ് എം.എം. ലോറൻസിന്റെ രാഷ്ട്രീയപ്രവർത്തനം. സ്വാതന്ത്ര്യ സമരസേനാനികൂടിയായ സഹോദരൻ എബ്രഹാം മാടമാക്കൽ വഴിയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്. ലോറൻസ് പാർട്ടിയിലെത്തി രണ്ടു വർഷം പിന്നിടുമ്പോഴാണ് കൽക്കത്ത തിസീസും വിവാദങ്ങളും എത്തിയത്. പാർട്ടി നിലപാടിൽ വിയോജിച്ച് എബ്രഹാം പാർട്ടി വിട്ടു. ലോറൻസ് അപ്പോഴും ഉറച്ചു നിന്നു. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കൽക്കത്ത തിസീസ് തെറ്റാണെന്ന് ബോധ്യം വരാൻ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം വേണ്ടി വന്നു. അന്ന് എറണാകുളം ടൗൺ കമ്മിറ്റി സെക്രട്ടറിയായിരുന്നു ലോറൻസ്. പൊലീസ് പിടികൂടി ജയിലിലടച്ചു. ക്രൂരമർദനത്തിന് ഇരയായി. ജയിൽവാസം കഴിയുമ്പോഴേക്കും രണദിവെയുടെ ഏറ്റുമുട്ടൽ ലൈൻ പാർട്ടി കൈവിട്ടിരുന്നു.
വി.എസും ലോറൻസും തമ്മിൽ
ബദൽ രേഖ വിവാദം കത്തിയാളിയതിന് പിന്നാലെ എം.വി. രാഘവൻ പാർട്ടിയിൽനിന്ന് പുറത്തായ കാലം. സമാന്യം നീണ്ട ഇടവേളക്ക് ശേഷം കൃത്യമായ ഭൂരിപക്ഷം നേടി ഇടതുമുന്നണി അധികാരത്തിലെത്തിയ 1987ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദൻ പാർട്ടി സെക്രട്ടറിയുമായിരിക്കെ മുന്നണി കൺവീനർ എന്ന ചുമതലയിലേക്കായിരുന്നു ലോറൻസിന്റെ നിയോഗം. പിന്നീട് ഒമ്പത് വർഷത്തോളം ആ ദൗത്യം തുടർന്നു. ഇതിനിടെ വി.എസ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പിന്നാലെ 1996ൽ മാരാരിക്കുളത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഈ തോൽവിയാണ് വി.എസിനും ലോറൻസിനുമിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയത്. ലോറൻസ് ഉൾപ്പെട്ട സി.ഐ.ടി.യു വിഭാഗം കാലുവാരിയെന്നായിരുന്നു വി.എസിന്റെ ആക്ഷേപം. ഈ രാഷ്ട്രീയ വൈരം ആത്മകഥയായ ‘ഓര്‍മച്ചെപ്പുകള്‍ തുറക്കുമ്പോള്‍’ എന്ന പുസ്തകത്തില്‍ വരെ പൊള്ളിക്കുന്ന അടരുകളായി പടരുന്നു.
വിഭാഗീയതയിൽ പടർന്നും തളർന്നും
സി.പി.എമ്മിനുള്ളിൽ വലിയ സ്വാധീന ശക്തിയായിരുന്നു സി.ഐ.ടി.യു. എന്നാൽ, ട്രേഡ് യൂനിയൻ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളാണ് 1998ൽ പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലിൽ കലാശിച്ചത്. സി.ഐ.ടി.യു പക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു ലോറന്‍സ്. വി.എസ് ആയിരുന്നു പ്രധാന എതിരാളി. സി.ഐ.ടി.യു പക്ഷത്തെ വെട്ടി വി.എസ് പക്ഷം മേധാവിത്വം നേടി. പാർട്ടിയിലെ ശക്തരായിരുന്ന തൊഴിലാളിവർഗ നേതാക്കളുടെ ചിറകരിഞ്ഞ സമ്മേളനത്തിൽ ഇരകളിലൊരാളായി ലോറൻസുമുണ്ടായിരുന്നു. ‘സേവ് (സി.പി.എം) ഫോറത്തിന്റെ പേരില്‍ ലോറന്‍സിനെയും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ രവീന്ദ്രനാഥിനേയും കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. പിന്നീട് പാര്‍ട്ടിയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടിട്ടും ലോറന്‍സും വി.എസും ശത്രുതയില്‍ തന്നെ തുടര്‍ന്നു.
ഉയിർത്തെഴുന്നേറ്റെങ്കിലും..
1956 ലെ പാലക്കാട് പാർട്ടി കോൺഗ്രസിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നെങ്കിൽ വെട്ടിനിരത്തലിന് വേദിയായ പാലക്കാട് സമ്മേളനവും കഴിഞ്ഞ് കണ്ണൂർ സമ്മേളനത്തിലേക്കെത്തുമ്പോൾ ലോറൻസിനെ പ്രതിനിധി പോലുമാക്കിയില്ല. കണ്ണൂര്‍ ലോബിയുമായി ചേര്‍ന്ന് വി.എസ് പാര്‍ട്ടിയില്‍ ശക്തനായതോടെ ലോറൻസിന്റെ രാഷ്ട്രീയ ജീവിതം മുഖ്യധാരയില്‍നിന്ന് അൽപകാലം അപ്രത്യക്ഷമായി. എന്നാൽ, 2000 ത്തിന് ശേഷം പാർട്ടിയിൽ ഉയർന്ന പുതിയ വിഭാഗീയ ചേരിയുടെ കാലത്ത് ലോറൻസ് പിണറായി പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് കണ്ടത്. പക്ഷേ, അപ്പോഴേക്കും അദ്ദേഹം പൊതുധാരയിൽനിന്ന് ഏറെ അകന്നിരുന്നു. ഇതിനിടെ മലപ്പുറം സമ്മേളനത്തിൽ വീണ്ടും പ്രതിനിധിയായി. വോട്ടെടുപ്പിൽ ഔദ്യോഗിക പക്ഷത്തോടൊപ്പം നിലകൊണ്ടു. പിന്നീട് സി.ഐ.ടി.യു സെക്രട്ടറിയായതും ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.