സി.പി.എമ്മിലെ വിഭാഗീയതയുടെ കേന്ദ്രം വി.എസായിരുന്നുവെന്ന് എം.എം ലോറൻസ്
text_fieldsകൊച്ചി: മുൻ മുഖ്യമന്ത്രിയും പാർട്ടിയിലെ ഏറ്റവും സീനിയറുമായ വി.എസ്. അച്യുതാന്ദനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ആത്മകഥ. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ് പ്രത്യേക സ്‌ക്വാഡുപോലെ ആളുകളെ നിയോഗിച്ചിരുന്നുവെന്നും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിപദം ഒഴിഞ്ഞ് തിരുവനന്തപുരത്തുണ്ടായിരുന്ന ഇ.എം.എസിന്റെ എ.കെ.ജി സെന്ററിലെ സാന്നിധ്യം അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് ഇഷ്ടമായിരുന്നില്ലെന്നും ലോറൻസ് ആത്മകഥയിൽ ഓർത്തെടുക്കുന്നു.
തന്റെ അപ്രമാദിത്വം ഇടിയുന്നോയെന്ന ആശങ്കയായിരുന്നു അന്ന് വി.എസിന്. കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വി.എസ് അനുകൂലികള്‍ ഇ.എം.എസിനെ വിമര്‍ശിച്ചു. 1998ല്‍ പാലക്കാട് സമ്മേളനത്തില്‍ താന്‍ ഉള്‍പ്പെടെ 16 പേരെ പദ്ധതിയിട്ട് തോല്‍പിച്ചെന്നും ലോറൻസ് പറയുന്നു.
പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എം.പിയുമായിരുന്ന എം.എം ലോറന്‍സിന്റെ ‘ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന ആത്മകഥ ശനിയാഴ്ചയാണ് പ്രകാശനം ചെയ്യുന്നത്. അതിലെ പ്രസക്തഭാഗങ്ങളാണ് ‘പച്ചക്കുതിര’ മാസികയിലൂടെ പുറത്തുവന്നത്.
നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് ശേഷമുള്ള സി.പി.എമ്മിലെ വിഭാഗീയതയുടെയെല്ലാം കേന്ദ്രം വി.എസ് ആയിരുന്നുവെന്നും ലോറന്‍സ് തുറന്നടിക്കുന്നു. ‘വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്യൂണിസ്റ്റ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മാത്രമല്ല, കമ്യൂണിസ്റ്റ് സംഘടന തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റുന്നതാണ് കണ്ടത്. ആദ്യമായി പാര്‍ട്ടിയില്‍ വിഭാഗീയതക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ ആ കനല്‍ മുഴുവനായും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ജില്ല സെക്രട്ടറിയായിരുന്ന എ.പി. വർക്കിയെ സംസ്ഥാന സെക്രട്ടറിയായിരിക്കെ വി.എസ് വിഭാഗീയത വളർത്തുന്നതിനായി ഉപയോഗിച്ചു. ഒരു പാർട്ടി കോൺഗ്രസിൽ ഇ.കെ. നായനാർക്ക് ഇക്കാര്യം തുറന്നു പറയേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ നാടകങ്ങള്‍ വിഭാഗീയതയുടെ ഭാഗമായി നടന്നു. ഒളികാമറക്കഥകള്‍വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്‌നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു'- ലോറന്‍സ് എഴുതുന്നു.
‘ചിലരോട് ആജന്മ വൈരമുള്ളത് പോലെയായിരുന്നു വി.എസിന്റെ പെരുമാറ്റം. എ.പി. കുര്യനെ കണ്ടുകൂടായിരുന്നു. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കുര്യനെ കാണുന്നതുതന്നെ അച്യുതാനന്ദന് കലിയായിരുന്നു. ആ കലി തീര്‍ത്തത് പലവഴിക്കാണ്. രോഗം വന്ന് എ.പി. കുര്യന്‍ മരിച്ച ശേഷം ചേർന്ന അനുശോചന യോഗത്തില്‍ പങ്കെടുത്ത അച്യുതാനന്ദന്‍ സന്ദര്‍ഭം നോക്കാതെ ‘കഷണ്ടിക്കും കാന്‍സറിനും മരുന്നില്ല’ എന്ന് ആക്ഷേപിച്ചു. തുടര്‍ന്ന് സംസാരിച്ച ഞാന്‍ അതിന് നല്ല മറുപടി കൊടുത്തു. അങ്ങനെ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യനാവില്ലെന്ന് തോന്നിയെന്നും ലോറൻസ് ആത്മകഥയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.