കസ്റ്റഡി മരണം: പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ പ്രതിയാക്കാനാവില്ല -എം.എം മണി
text_fieldsതൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ പ്രതിയാക്കാനാവില്ലെന്ന് മന്ത്രി എം.എം മണി. എസ്.പിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
''എസ്.പിയെ മാത്രം ടാർഗറ്റ് ചെയ്യുന്നതിൽ എന്തല്ലാമോ കുഴപ്പമുണ്ട്. കുഴപ്പങ്ങൾ മുഴുവൻ കാണിച്ചിരിക്കുന്നത് താഴെ ഉള്ളവരാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ഞങ്ങളുടെ നിലപാട്. എനിക്ക് എസ്.പിയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. അവർക്കിഷ്ടമില്ലാത്തവരെ പ്രതിയാക്കുന്ന പണിയല്ല എന്‍റേത്. എന്‍റെ പേര് രമേശ് ചെന്നിത്തല എന്നല്ല, എം.എം മണി എന്നാണ്. രമേശ് ചെന്നിത്തലക്ക് വായിൽ തോന്നുന്നത് കോതക്ക് പാട്ടുപോലെ പറഞ്ഞ് നടക്കാം.'' -എം.എം മണി കുറ്റപ്പെടുത്തി.
എസ്.പിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം എന്ന് പറഞ്ഞ മാധ്യമപ്രവർത്തകരോട്, 'അവർ അങ്ങിനെ പലതും പറയും. അതെല്ലാം വിഴുങ്ങലല്ല ഗവൺമെൻറ്. വേറെ പണിനോക്ക്. ആവശ്യം വന്നാൽ വേണ്ടതെല്ലാം ചെയ്തോളും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ' എന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി എസ്.പിയെ മന്ത്രി എം.എം മണിയാണ് സംരക്ഷിക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ കഴിഞ്ഞദിവസം നിയമസഭയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.