കെ.കെ. ശിവരാമനെതിരെ വീണ്ടും എം.എം. മണി; ശിവരാമനെ പിന്തുണച്ച് സി.പി.ഐ ജില്ല നേതൃത്വം
text_fieldsഇടുക്കി: സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെതിരെ വീണ്ടും എം.എം. മണി എം.എൽ.എ. തൊടുപുഴയിലിരുന്ന് ശിവരാമന് കൈയേറ്റത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയില്ലെന്ന് എം.എം. മണി കുറ്റപ്പെടുത്തി.
‘ബന്ധപ്പെട്ടവരോടൊക്കെ പറഞ്ഞ് റവന്യൂ വകുപ്പ് എന്നെ ഏൽപ്പിക്കാൻ ശിവരാമൻ അവരോട് പറയണം, ഞാനെല്ലാം ശരിയാക്കി തരാം. ഏത് കൈേയറ്റവും നോക്കാം. മൂന്നാറിൽ കിടക്കുന്ന ആളുകൾ പാവങ്ങളാണ്. എന്നെ തേജോവധം ചെയ്യാൻ ശിവരാമൻ അതും ഇതും പറഞ്ഞോണ്ടിരിക്കുവാ. അയാൾക്കെന്ത് സൂക്കേടാണെന്ന് എനിക്ക് പിടികിട്ടുന്നില്ല.
എനിക്ക് മറുപടി പറയാൻ ഇയാളാരാ. എൽ.ഡി.എഫിന്റെ നേതാവാണ് അങ്ങേര്. പുള്ളിയുമായി ഒരു പ്രശ്നവുമില്ല. ശിവരാമൻ തൊടുപുഴയിലാ. സമതലത്തിലാ. അയാൾക്ക് ഇവിടെ താമസിക്കുന്നവരുടെ പ്രശ്നം അറിയില്ല. ഞങ്ങൾ മലയിലാ വേറേ പണി നോക്കാൻ പറയെന്നും’ എം.എം. മണി പ്രതികരിച്ചു.
ശിവരാമനെ പിന്തുണച്ച് സി.പി.ഐ ജില്ല നേതൃത്വം
തൊടുപുഴ: സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ പിന്തുണച്ച് സി.പി.ഐ ജില്ല നേതൃത്വം. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ശിവരാമൻ പറഞ്ഞത് പാർട്ടി നിലപാടാണെന്ന് ജില്ല സെക്രട്ടറി കെ.സലീം കുമാർ പറഞ്ഞു. മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും സലീം കുമാർ വ്യക്തമാക്കി. എം.എം. മണിയുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും സലീം കുമാർ പ്രതികരിച്ചു.
അതേ സമയം, വൻകിട ൈകയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കെ.കെ. ശിവരാമൻ പ്രതികരിച്ചു. ആരുടെ ൈകയേറ്റംആണെങ്കിലും ഒഴിപ്പിക്കണം. അത് അന്വേഷിക്കേണ്ടത് റവന്യൂ വകുപ്പാണ്. അഞ്ച് സെന്റ് വരെയുള്ളവരെ കൈയേറ്റമാണെങ്കിലും ഒഴിപ്പിക്കണമെന്ന നിലപാട് സർക്കാറിന് ഇല്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റ് എം.എം. മണിയെ പരിഹസിച്ചുള്ളതല്ല . വിഷയത്തിൽ സി.പി.എം- സി.പി.ഐ ഭിന്നതയില്ല.
എൽ.ഡി.എഫിന്റെ നയം കൈയേറ്റം ഒഴിപ്പിക്കുക എന്നുള്ളതാണ്. കൈയേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടു. കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞു. ആ തർക്കം അവിടെ തീർന്നുവെന്നും ശിവരാമൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.