കെ.എസ്.ഇ.ബി ചെയർമാന്‍റെ വിമർശനം; മന്ത്രി പറയിപ്പിച്ചതാണോ എന്നന്വേഷിക്കണമെന്ന് എം.എം. മണി
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇടത് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയർമാന്‍റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി വകുപ്പ് മുൻ മന്ത്രി എം.എം. മണി. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി. അശോകിന്‍റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും നിലവിലെ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണമെന്നും എം.എം. മണി പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തും. തന്‍റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവർഷമാണ് ഞാൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നു -അദ്ദേഹം പറഞ്ഞു.
എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്‍റെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ ഇടത് സർക്കാരിന്‍റെ കാലത്ത് ബോർഡിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയർമാൻ പറഞ്ഞത്. സർക്കാറിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്‍റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി.
വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.
ബോർഡിൽ നടന്ന ഏതാനും കൊള്ളരുതായ്മകളെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ബോർഡിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിയ്ക്കാൻ തീരെ അർഹതയില്ലാത്ത ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരക്കണക്കിന് കിലോമീറ്റർ വീട്ടിൽ പോയി ബോർഡ് ലോഗ് ബുക്കിൽ രേഖപ്പെടുത്തി തന്നെ വർഷങ്ങളോളം ഓടി. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയത്? നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് നൽകിക്കളഞ്ഞത്? കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതൊക്കെ? ഇതിൽ നമുക്കുറപ്പുണ്ടോ? എനിക്കത്ര ഉറപ്പു പോരാ!
ചട്ടവിരുദ്ധമായ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം "ഒപ്പിടെടാ" എന്നാക്രോശിക്കപ്പെട്ടപ്പോൾ വാവിട്ട് കരഞ്ഞുകൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയർ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോർക്കണ്ടേ? ഇപ്പോഴും ആ അനുഭവം പറയുമ്പോൾ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്? നല്ല കോർപ്പറേറ്റ് പ്രാക്ടീസിന്‍റെ ഉദാഹരണമാണോ ഇതൊക്കെ? ഇതിൽ എന്താണ് കെ.എസ്.ഇ.ബി. യുടെ 'കോർ ബിസിനസ്സ്'? ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങൾ മാത്രം.' -ഡോ. ബി. അശോക് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.