'എല്ലാരും മുണ്ട് മടക്കികുത്തി ഇറങ്ങുന്നത് നന്നായിരിക്കും' -റവന്യൂ മന്ത്രിക്കെതിരെ എം.എം. മണി
text_fieldsതൊടുപുഴ: ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന തന്‍റെ ആവശ്യത്തോട് റവന്യൂമന്ത്രി കെ. രാജൻ മുഖം തിരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി എം.എം. മണി. ഭേദഗതി ആവശ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ നടപ്പാക്കാമെന്ന് പറഞ്ഞ് മന്ത്രി തടിയൂരിയതായി മണി ആരോപിച്ചു. ആവശ്യം നേടിയെടുക്കാൻ എല്ലാരും മുണ്ട് മടക്കികുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും സി.പി.എം രാജാക്കാട് ഏരിയ സമ്മേളനത്തിൽ സംസാരിക്കവെ മുതിർന്ന സി.പി.എം നേതാവ് കൂടിയായ മണി പറഞ്ഞു.
ഭൂപതിവ് നിയമത്തിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണത്തിന് വിലക്കുണ്ട്. നിലവിൽ കൃഷിയാവശ്യത്തിനും വീടുകൾക്കും മാത്രമാണ് അനുമതിയുള്ളത്. വാണിജ്യാവശ്യത്തിനുള്ള വിലക്കിന് ഇളവ് നൽകുന്ന തരത്തിൽ ഭേദഗതി വരുത്തണമെന്നതാണ് ആവശ്യം.
1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് 2019 ഡിസംബർ 17ന് സർവകക്ഷിയോഗം നിർദേശിച്ചിരുന്നു. എന്നാൽ, ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടി ഇനിയും നീളും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ സാധ്യതകൾ വിലയിരുത്തി മാത്രമേ നടപടികൾ സ്വീകരിക്കാനാവു എന്ന് റവന്യു മന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
1964ലെ പട്ടയങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള നിർമാണം നിരോധനം ആദ്യം ഇടുക്കി ജില്ലയിൽ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നിട് സുപ്രീം കോടതി വിധിയിലൂടെ നിർമാണ നിരോധന സംസ്ഥാനവ്യാപമാക്കി. ഈ പ്രതിസന്ധി മറികടക്കാൻ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ആവശ്യം. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ പിണറായി സർക്കാർ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.