എം.എം മണി ആറാട്ടുമുണ്ടൻമാരെ പോലെയെന്ന് ജനയുഗം
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി എം.എൽ.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം 'ജനയുഗം'. രാജഭരണക്കാലത്തെ ആറാട്ടുമുണ്ടന്‍മാരെ പോലെയാണ് എം.എം മണിയെന്ന് പത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. 'ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്‍മാരെ' എന്ന തലക്കെട്ടിലാണ് ലേഖനം. സി.പി.ഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണ്. രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസാണ് മണിയുടേതെന്നും ലേഖനത്തിലുണ്ട്.
റവന്യു മന്ത്രിയോടാണ് മണിക്ക് ഏറ്റവും കലിപ്പ്. ഭൂമാഫിയക്കെതിരെ കര്‍ശന നിലപാട് എടുത്ത മന്ത്രി ഇ. ചന്ദ്രശേഖരനോടുളള അരിശംകൊണ്ട് മണി ഇടതുമുന്നണിയുടെ പുരയ്ക്കുചുറ്റും മണ്ടി നടക്കുകയാണ്. റവന്യൂ മന്ത്രി കാസർകോടുകാരനല്ലേ. അയാള്‍ക്ക് ഇടുക്കിയിലെ കാര്യം എന്തറിയാം. കുറച്ചുകാലമല്ലേ ആയുള്ളൂ. എല്ലാം പഠിപ്പിച്ചെടുക്കാം. എന്നിങ്ങനെ നീണ്ട ‘മണിയാശാന്റെ’ വാക്കുകളില്‍ നുരപൊന്തിയത് ആനപ്പുറത്തേറി അമ്പാരികെട്ടിയ ധാര്‍ഷ്ട്യമാണെന്നും ലേഖനത്തില്‍ പറയുന്നു.
തന്നെ നാട്ടാരെല്ലാം മണിയാശാനെന്നാണ് വിളിക്കുന്നതെന്നാണ് ഈ നിലത്തെഴുത്താശാന്റെ അവകാശവാദം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാത:സ്മരണീയ പടത്തലവന്മാരായിരുന്ന ടി.വി തോമസിനേയും കെ.വി സുരേന്ദ്രനാഥിനേയും ജനം സ്‌നേഹാദരങ്ങളോടെ ആശാന്‍ എന്നാണ് വിളിച്ചിരുന്നത്. പണ്ടാരോ ‘അങ്ങും ചോതി, അടിയനും ചോതി’ എന്ന് പറഞ്ഞപോലെ മണിയും മണിയാശാനായ കലികാല വിശേഷമെന്നും ലേഖനം പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.