വൈദ്യുതി ചാർജ് വർധന: ചർച്ച നടന്നിട്ടില്ല –മന്ത്രി എം.എം. മണി
text_fieldsതിരുവനന്തപുരം: വൈദ്യുതി ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. റെഗുലേറ്ററി കമീഷൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഇറക്കിയിട്ടുമില്ല. അക്കാര്യം ചർച്ചചെയ്യുമ്പോൾ മാത്രം അഭിപ്രായം വ്യക്തമാക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായാലും ലോഡ്ഷെഡിങ് ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാര്‍ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഇപ്പോഴെങ്കിലും ചില അഭിപ്രായങ്ങള്‍ പറഞ്ഞത് നന്നായി. കുറേനാളായി മിണ്ടാട്ടമില്ലായിരുന്നു. എസ്. രാജേന്ദ്രന്‍ കെ. എസ്.ഇ.ബി ഭൂമിയിലാണ് വീടുെവച്ചതെങ്കില്‍ അത് പണ്ടെങ്ങാണ്ടാണ്. ഇപ്പോള്‍ കെ.എസ്.ഇ.ബി തങ്ങളുടെ സ്ഥലം പൂര്‍ണമായും സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏറെക്കാലം ഒന്നിച്ചുനിന്ന വി.എസുമായി ഇപ്പോള്‍ ഇത്ര അകല്‍ച്ചയെന്തെന്ന ചോദ്യത്തിന്, അതിനുശേഷം അറബിക്കടലിലൂടെ ഒരുപാട് വെള്ളം ഒഴുകി. എന്തെല്ലാം മാറ്റമാണുണ്ടായത് എന്നായിരുന്നു പ്രതികരണം.
മൂന്നാറില്‍ പഞ്ചായത്ത് അനുമതിയില്ലാതെ ഒരുനിര്‍മാണവും നടന്നെന്ന് കരുതുന്നില്ല. ഹൈകോടതി വിധിയനുസരിച്ച് മറ്റൊരു എൻ.ഒ.സി വേണമെന്ന് പറയുന്നുണ്ട്. 2010ലെ വിധിയാണെങ്കിലും ഇപ്പോഴാണ് നടപ്പാക്കിയത്. അതനുസരിച്ച് ചില നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി 20 ഏക്കറോളം വരും. അവിടെ വല്ല ൈകയേറ്റവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കണം.
അതിരപ്പിള്ളി പദ്ധതിയില്‍ താന്‍ ശുഭാപ്തിവിശ്വാസക്കാരനാണ്. എല്ലാവരും സമ്മതംപറഞ്ഞാല്‍ നാളെത്തന്നെ ഏറ്റെടുത്ത് നടത്താം. പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഏകാഭിപ്രായമില്ല. അതിരപ്പിള്ളി ആകാമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. സി.പി.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ മിനിമം പരിപാടിയില്‍ ഇല്ലെന്നാണ് അവര്‍ പറയുന്നത്. യു.ഡി.എഫ് നേതാക്കളും പദ്ധതിയെ എതിര്‍ക്കുന്നു. ചെന്നിത്തല ഇക്കാര്യം നിയമസഭയില്‍തന്നെ പറഞ്ഞു. സമവായം ഉണ്ടായാല്‍ മാത്രമേ പദ്ധതി തുടങ്ങാനാവൂ. അതുവരെ ചര്‍ച്ച നടക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.