എം.എം. മണി ഇനി മന്ത്രി
text_fieldsതിരുവനന്തപുരം:സ്വജനപക്ഷപാത ആരോപണത്തെതുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജനുപകരം ഉടുമ്പന്‍ചോല എം.എല്‍.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി വകുപ്പാണ് മണിക്ക് നല്‍കുക. രണ്ട് മന്ത്രിമാരുടെ വകുപ്പുകളില്‍ കൂടി മാറ്റംവരുത്തിയാണ് 72 വയസ്സുകാരനായ മണി മന്ത്രിസഭയിലേക്ക് വരുന്നത്. പിണറായി വിജയന്‍ സര്‍ക്കാറിലെ ആദ്യ അഴിച്ചുപണിയാണിത്. ഞായറാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാനസമിതി യോഗങ്ങളിലാണ് നിലവില്‍ ചീഫ് വിപ്പായ മണിയെ മന്ത്രിയാക്കാന്‍ തീരുമാനമായത്.
കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് വൈദ്യുതി വകുപ്പ് എടുത്ത് മാറ്റിയപ്പോള്‍ ദേവസ്വം ബോര്‍ഡ് നിലനിര്‍ത്തി സഹകരണ, ടൂറിസം വകുപ്പുകള്‍ കൂടി പുതുതായി നല്‍കാനും തീരുമാനിച്ചു. സഹകരണ, ടൂറിസം വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്ന എ.സി. മൊയ്തീന് ഇ.പി. ജയരാജന്‍െറ കൈവശമുണ്ടായിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നിവയുടെ ചുമതല നല്‍കും. അതേസമയം, വകുപ്പ് സംബന്ധിച്ച കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിടി നല്‍കാതെ ഒഴിയുകയായിരുന്നു. മണിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ നടക്കും.
തന്‍െറ മന്ത്രിമാരിലുള്ള വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്. ഊര്‍ജവകുപ്പ് മാറ്റിയപ്പോള്‍ കടകംപള്ളി സുരേന്ദ്രനില്‍ ദേവസ്വം നിലനിര്‍ത്തുകയും പുതിയ രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കുകയും ചെയ്തു. എ.സി. മൊയ്തീനാകട്ടെ വ്യവസായം ഉള്‍പ്പെടെ ജയരാജന്‍ കൈകാര്യം ചെയ്ത വകുപ്പ് അപ്പാടെ നല്‍കി.
ജയരാജന്‍െറ തിരിച്ചുവരവ് പ്രതീക്ഷിച്ച രാഷ്ട്രീയനിരീക്ഷകരെ അദ്ഭുതപ്പെടുത്തിയാണ് പുതിയ തീരുമാനം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറയടക്കം പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഒഴിവാക്കിയ ഏക സെക്രട്ടേറിയറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ മണിയത്തെന്നെ മന്ത്രിസ്ഥാനം ഏല്‍പ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതിയ മന്ത്രിയെക്കുറിച്ച് ധാരണയായി. തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഐകകണ്ഠ്യേനയാണ് സംസ്ഥാനസമിതി മണിയുടെ മന്ത്രിസ്ഥാനത്തേക്കുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.
‘മന്ത്രിയായി പരിഗണിച്ചതില്‍ സന്തോഷവും അതിലുപരി പാര്‍ട്ടിയോട് കടപ്പാടും നന്ദിയുമുണ്ട്’ എന്നായിരുന്നു മണിയുടെ ആദ്യ പ്രതികരണം.
കുടിയേറ്റമേഖലയില്‍ സി.പി.എമ്മിന്‍െറ നാവും സമരനായകനുമായ എം.എം. മണി മന്ത്രിസ്ഥാനത്ത് എത്തിയതോടെ സി.പി.എമ്മിന് മലനാട്ടില്‍ ആദ്യമായി മന്ത്രിസഭയില്‍ പ്രാതിനിധ്യം കൂടിയാണ് ലഭിക്കുന്നത്. 1985 മുതല്‍ 27 വര്‍ഷത്തോളം ഇടുക്കി ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1996ലും ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. നാവുപിഴകളുടെ പേരില്‍ സി.പി.എംനേതൃത്വത്തെ വിവാദത്തില്‍ ചാടിച്ചിട്ടുള്ള മണിക്ക് രാഷ്ട്രീയപ്രതിയോഗികളെ വകവരുത്തിയെന്ന പ്രസംഗത്തെതുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 45 ദിവസം ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.