മണിയാശാനെ നെഞ്ചോട് ചേര്‍ത്ത് ഉടുമ്പന്‍ചോല
text_fieldsനെടുങ്കണ്ടം: 'മണി'ക്ക് മണികെട്ടാന്‍ ആഗസ്തിയെ അനുവദിക്കാതെ ഉടുമ്പന്ചോലക്കാര് അദ്ദേഹത്തെ നെഞ്ചോടുചേര്‍ത്തു. 1996ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച മണിയെ 4667 വോട്ടിന് പരാജയപ്പെടുത്തിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇടുക്കി മണ്ഡലത്തില്‍നിന്ന് ഉടുമ്പന്‍ചോലയിലെത്തിയ ആഗസ്തിയെ ഇക്കുറി മണിയാശാന് 38,305 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
2016ല്‍ കോണ്‍ഗ്രസിലെ അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് പരാജയപ്പെടുത്തിയാണ് മണിയാശാൻ ഉടുമ്പന്‍ചോല എം.എല്‍.എ ആയത്. 2016 നവംബര്‍ 22 മുതല്‍ വൈദ്യുതി മന്ത്രിയായി. 1965ൽ മണ്ഡലം രുപവത്കരിച്ചത് മുതല്‍ 2021വരെ നടന്ന 14 തെരഞ്ഞെടുപ്പുകളിലെയും ഏറ്റവും വലിയ ഭൂരിപക്ഷമാണ് എം.എം. മണി ഇക്കുറി കരസ്ഥമാക്കിയിരിക്കുന്നത്. 1944 ഡിസംബര്‍ 12ന് കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് എം.എം. മണിയുടെ ജനനം.
1955ല്‍ കിടങ്ങൂരില്നിന്ന്് കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി. 1964ല്‍ സി.പി.എം കുഞ്ചിത്തണ്ണി ബ്രാഞ്ചില്‍ അംഗമായി. രാജാക്കാട് ലോക്കല്‍ സെക്രട്ടറി, ദേവികുളം താലൂക്ക്് സെക്രട്ടറി, 1974ല്‍ ജില്ല കമ്മിറ്റി അംഗം, 77ല്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം, 1985 മുതല്‍ ഒമ്പത് തവണ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും.
മണ്ഡല രൂപവത്കരണശേഷം ആദ്യമായി ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിെൻറ തിളക്കത്തില്‍ മണിയാശാൻ
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയുടെ ചരിത്രത്തില്‍ ആദ്യമായി വൻ ഭൂരിപക്ഷം നേടിയ തിളക്കത്തിലാണ് ഇടത് മുന്നണിയും സി.പി.എമ്മിെൻറ ജില്ലയിലെ പടനായകനുമായ എം.എം. മണി. ഇതിന് മുമ്പ് 2006ല്‍ ഡി.ഐ.സിയുടെ ഇബ്രാഹീംകുട്ടി കല്ലാറിനെ പരാജയപ്പെടുത്തി കെ.കെ. ജയചന്ദ്രന് നേടിയ ഭൂരിപക്ഷത്തിെൻറ ഇരട്ടിയോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണിയാശാന് സ്വന്തമാക്കിയത്. കഴിഞ്ഞതവണ എം.എം. മണിക്ക് ലഭിച്ച ഭൂരിപക്ഷം വെറും 1109 വോട്ടുകള്‍ മാത്രമായിരുന്നു.
മണിയാശാനെ പരാജയപ്പെടുത്താനായില്ലെങ്കിലും ഭൂരിപക്ഷം കുറക്കാനെങ്കിലും കഴിയണമെന്ന പിടിവാശിയിലാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസുകാരനും ഐ ഗ്രൂപ് നേതാവുമായ ഇ.എം. ആഗസ്തിയെ രംഗത്തിറക്കിയത്. കള്ളവോട്ടും ഇരട്ട വോട്ടുമടക്കം ആരോപണമുന്നയിച്ച് തെരഞ്ഞെടുപ്പ് ദിവസം ചെക്സ്റ്റുകളിലും കാട്ടുപാതയിലും ശക്തമായ നിരീക്ഷണം നടത്തിയിട്ടും തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എത്തി പ്രചാരണം നടത്തിയിട്ടും മണിയാശാനെ പിടിച്ചുകെട്ടാന്‍ യു.ഡി.എഫിനായില്ല.
2014ല്‍ നടന്ന പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ അഡ്വ. ജോയ്്സ് ജോര്‍ജ് ഈ മണ്ഡലത്തില്‍ 22692 വോട്ടുകളുടെ ഭൂരിപക്ഷവും 2019ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസ് 12,250 വോട്ടിെൻറ ഭൂരിപക്ഷവുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.