മൊട്ടയടി പ്രസംഗം: മലക്കം മറിഞ്ഞും പിന്നെ തിരിഞ്ഞും ആഗസ്തി
text_fieldsനെടുങ്കണ്ടം: ഉടുമ്പന്‍ചോലയിൽ എതിര് സ്ഥാനാർഥി എം.എം. മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്്് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസ്താവനയില്‍നിന്ന് ഇ.എം. ആഗസ്തി ഞായറാഴ്ച മലക്കം മറിഞ്ഞു. 'ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. തെൻറ എതിര് സ്ഥാനാർഥി 20,000 വോട്ടിന് ജയിക്കും എന്നൊരു പ്രവചനം ഒരു ചാനല്‍ പ്രീ- പോള്‍ സർവേയില്‍ നടത്തിയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്തിരുന്നു.
20,000 വോട്ടിന് വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്. എന്നാല്‍, ആ ചലഞ്ച് ഏറ്റെടുക്കാന്‍ ചാനല്‍ ഇപ്പോഴും തയാറായിട്ടില്ല എന്ന് മാത്രമല്ല ചാനല്‍ ചലഞ്ചിനെ വളച്ചൊടിക്കുകയാണ്. എെൻറ വാക്ക് മാറ്റാന്‍ ഞാന്‍ തയാറല്ല'. ചലഞ്ചില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്ത് ഒളിച്ചോടുന്നത് മാധ്യമ ധര്‍മമല്ലെന്നും ആഗസ്തി ഞായറാഴ്ച രാവിലെ പറഞ്ഞു. എന്നാല്‍, മണിയുടെ ലീഡ് 20,000 പിന്നിട്ടപ്പോള്‍ തിങ്കളാഴ്ച തല മൊട്ടയടിക്കുമെന്നും സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും ഫേസ്ബുക്ക് പേജില്‍ ആഗസ്തി തിരുത്തിപ്പറഞ്ഞു.
തോല്‍വി അംഗീകരിക്കുന്നതായി ഇ.എം. ആഗസ്തി പിന്നീട് വ്യക്തമാക്കി. ഇരട്ട വോട്ടുകള്‍ തടയാന്‍ കഴിഞ്ഞില്ല. അതും എല്‍.ഡി.എഫിനെ സഹായിച്ചു. ബി.ജെ.പി, ബി.ഡി.ജെ.എസ് വോട്ടുകള്‍ എവിടെപ്പോയി എന്ന് അന്വേഷിക്കണം. ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ്- എന്‍.ഡി.എ വോട്ട് കച്ചവടം ഉണ്ടായി. എന്‍.ഡി.എയുടെ സാന്നിധ്യം വോട്ടിങ്ങില്‍ ഉണ്ടായില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും. വെല്ലുവിളി പ്രകാരം തല മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം.എം. മണിയുടെ നല്ല മനസ്സിന് നന്ദി. പക്ഷേ, താന്‍ വാക്ക് പാലിക്കുമെന്നും മുടിയല്ലേ പോകു, തല അല്ലല്ലോ എന്നും ആഗസ്തി പറഞ്ഞു.
ആഗസ്തി തല മൊട്ടയടിക്കണ്ട –എം.എം. മണി
നെടുങ്കണ്ടം: ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് എം.എം. മണി. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രവചനം ശരിയായി. വീണ്ടും മന്ത്രിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് പാര്‍ട്ടിയാണ് തീരുമാനിക്കുക. പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ പറഞ്ഞു. ഉടുമ്പന്‍ചോലയിലെ ജനങ്ങള്‍ വിജയിപ്പിച്ചു. ആഗസ്തിയുടെ തല മൊട്ടയടിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് എെൻറ സുഹൃത്താണ് ആഗസ്തി, അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ആഗസ്തി നല്ല മത്സരം കാഴ്ചവെച്ചെന്നും മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം തല മൊട്ടയടിക്കേണ്ടതില്ലെന്നാണ് തെൻറ അഭിപ്രായമെന്നും തെരഞ്ഞെടുപ്പില്‍ ഇതെല്ലാം സാധാരണമാണെന്നും ഫലം വന്നശേഷം മണിയാശാന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.