മോദി വെറും ബഫൂണാണെന്ന് എം.എം. മണി; ഒരുമിച്ചു നിന്നാൽ ഇവരെ പുറത്താക്കാം...
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് എം.എം. മണി. സർക്കസ് കൂടാരത്തിലെ ബഫൂണിെൻറ അവസ്ഥയിലാണിപ്പോൾ മോദിയെന്ന് മണി പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ പ്രതിഷേധത്തിന് ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എൻ.ഡി.എക്ക് 400 സീറ്റുകിട്ടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ മോദി പരിഹസിച്ചു. മോദിയുടേത് മികച്ച അഭിനയമാണ്.
കോണ്‍ഗ്രസ് ശൈലി തന്നെയാണ് മോദിയും പിൻതുടരുന്നത്. ഇന്ത്യ എന്ന രാഷ്ട്രീയ കൂട്ടായ്മ ശക്തിപ്പെടണം. അതിനായി പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണം. ഒറ്റക്കെട്ടായി നിന്നാൽ ഇവരെ പുറത്താക്കാം. ഇല്ലാത്തപക്ഷം എല്ലാവരും അനുഭവിക്കേണ്ടിവരുമെന്നും മണി പറഞ്ഞു.
കേന്ദ്രത്തിനെതിരായ സമരം ആരെയും തോൽപ്പിക്കാനല്ല; അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് 7,000 കോടി രൂപയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുകയെന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിലുള്ളത്. ചിലയിടങ്ങളിൽ ലാളനയും മറ്റു ചിലയിടത്ത് പീഡനവുമെന്നതാണ് കേന്ദ്രസർക്കാർ നയം. എൻ.ഡി.എ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ പീഡനം നേരിടുകയാണ്.
ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് ഭരണഘടനവിരുദ്ധമായ നടപടികളാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. ധനകാര്യ കമീഷൻ ശിപാർശകൾക്ക് വിരുദ്ധമാണ് കേന്ദ്രസർക്കാറിന്റെ നടപടികൾ. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷത്തിലേറെ വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാറിന്റെ ചെലവിൽ. ലൈഫിൽ കേന്ദ്രസർക്കാറിന്റെ ബ്രാൻഡിങ് എന്ന ആവശ്യം അംഗീകരിക്കില്ല. രാജ്യം ഒന്നാകെ കേരളം നടത്തുന്ന സമരത്തിൽ അണിചേരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറിനെതിരെ നാളെ കേരളം നടത്തുന്ന സമരത്തിൽ പ്രതിപക്ഷത്തുള്ള ചില പാർട്ടികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡി.എം.കെ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറും സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.