മന്ത്രി മണിയുടെ സ്ത്രീവിരുദ്ധ പരാമർശം; രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ VIDEO
text_fieldsഇടുക്കി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം.എം മണി. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നാണ് എം.എം മണി പറഞ്ഞത്. ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈ നേതാവ് പി. ഗോമതി രംഗത്തെത്തി. തോട്ടം തൊഴിലാളികളെ അപമാനിച്ച മണി മാപ്പുപറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്യണമെന്നും ഗോമതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ വോട്ട് നേടിയാണ് വിജയിച്ചതെന്ന് മണി ഒാർക്കണമെന്നും ഗോമതി പറഞ്ഞു.
പ്രസ്താവനക്കെതിരെ മൂന്നാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ പെമ്പിളൈ ഒരുമൈ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പുപറയണമെന്നാണ് ഇവരുടെ ആവശ്യം. സമരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാരെ നീക്കം ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധ സമരത്തിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, മണിയുടെ പരാമർശത്തിൽ ഇടുക്കി ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ എം.എൽ.എ എ.കെ മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മണിയുടെ കോലം കത്തിച്ചു.
മോശം പരാമർശത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ നാളെ (തിങ്കളാഴ്ച) ഹർത്താൽ പ്രഖ്യാപിച്ചു.
നേരത്തെ, ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും മണി രംഗത്തെത്തിയിരുന്നു. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.