ഡീന്‍ കുര്യാക്കോസ് ഷണ്ഡന്‍, ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്; യു.ഡി.എഫ് സ്ഥാനാർഥിയെ അധിക്ഷേപിച്ച് എം.എം. മണി
text_fieldsതൂക്കുപാലം: ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും കോൺഗ്രസ് മുൻ എം.പി. പി.ജെ. കുര്യനെയും അധിക്ഷേപിച്ച് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും മണി ആക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് ഇന്നലെ വൈകിട്ട് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ അധിക്ഷേപ പ്രസംഗം.
ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ്. വീണ്ടും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുന്നു. കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും എം.എം. മണി പറഞ്ഞു.
ഡീന് മുൻപുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണ്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശിയായുള്ളത് ഇപ്പോൾ ജോയ്സ് ജോർജ് മാത്രമാണെന്നും എം.എം. മണി പറഞ്ഞു.
‘‘കേരളത്തിന് വേണ്ടി ശബ്ദിച്ചിട്ടുണ്ടോ. പാർലമെന്‍റിൽ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്ത് ചെയ്തു. ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. ജനങ്ങളോടൊപ്പം നിൽകാതെ, ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ, വർത്തമാനം പറയാതെ. ഷണ്ഡൻ.
ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ.. എൽപിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. നന്നായി ഒലത്തും. ഇപ്പോ നന്നാക്കും. നീതി ബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.
അതിന് മുൻപ് ഉണ്ടായിരുന്നു പി.ജെ. കുര്യൻ. വേറെ പണിയായിരുന്നു പെണ്ണുപിടി. എന്തെല്ലാം കേസാണ് ഉണ്ടായത്. നമ്മൾ മറന്നോ.
ജോയ്സ് ജോർജ് ഈ ജില്ലക്കാരൻ, എന്നും ഒപ്പം നിന്നു. ഇയാൾ നിന്നോ, ഈ ഡീൻ കുര്യക്കോസ്. പണ്ട് മുതൽ കണ്ടതാ വിദേശികളെ ചുമക്കുന്ന നമ്മുടെ പണി.’’ -എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.
ഇടുക്കിയിലെ സി.പി.എം നേതാവായ എം.എം. മണി മുമ്പും നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഈ പരാമർശനങ്ങൾ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
അതേസമയം, എം.എം. മണിയുടെ അധിക്ഷേപ പരാമർശങ്ങളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പല ഇടത് നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിട്ടുള്ളത്. മണിയാശാന്‍റെ നാടൻ ഭാഷാ ശൈലിയെന്നും നാടൻ ഭാഷാ പ്രയോഗമെന്നും തമാശകളെന്നും വിശേഷിപ്പിച്ച് പല ഇടത് നേതാക്കളും അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.