ഉത്തരം മണി മണി പോലെ; ഒന്നിലും കൂസാതെ ആശാന്‍
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ഇന്നലെ മുഴങ്ങിയത് നിലക്കാത്ത മണിക്കിലുക്കമായിരുന്നു. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയില്‍നിന്ന് മലയിറങ്ങിവന്ന എം.എം. മണിയെന്ന രണ്ടക്ഷരത്തിലേക്ക് കേരള രാഷ്ട്രീയം ചുരുങ്ങിയ നിമിഷങ്ങള്‍. ഉച്ചയോടെ ചാനലുകളില്‍ ‘എം.എം. മണി മന്ത്രിയാകും’ എന്ന ബ്രേക്കിങ് ന്യൂസ് മിന്നിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിലേക്കായിരുന്നു.
നിയുക്തമന്ത്രിയുടെ പ്രതികരണത്തിനും തരപ്പെട്ടാല്‍ ഒരുഅഭിമുഖത്തിനുംവേണ്ടി ചാനലായ ചാനലൊക്കെ എ.കെ.ജി സെന്‍ററിലേക്ക് വെച്ചുപിടിച്ചു. ഇതിനിടയില്‍ പലരും അദ്ദേഹത്തിന്‍െറ പ്രതികരണത്തിനായി മൊബൈലിലേക്ക് വിളിച്ചു. പക്ഷേ, ഫോണ്‍ കട്ട് ചെയ്യുന്നതല്ലാതെ തിരിച്ചുവിളിക്കുന്നതേയില്ല. ഇതിനിടെയാണ് അദ്ദേഹം എ.കെ.ജി സെന്‍ററിലുണ്ടെന്ന വാര്‍ത്ത എത്തിയത്. അവസാനം എ.കെ.ജി സെന്‍ററിലെ രണ്ടാംനിലയില്‍ എത്തുമ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസിനൊപ്പം ഒരുചെറിയ മുറിയില്‍ പതിവ് ശൈലിയില്‍ വെടിവട്ടം പറഞ്ഞ് മണിയാശാന്‍ ഇരുപ്പുണ്ട്.
കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ചിലക്കുന്നുണ്ട്. ചില കോളുകള്‍ സ്വീകരിച്ചു. എല്ലാവരോടും രണ്ടുവാക്ക്. ദേ ഇപ്പോ അറിഞ്ഞേയുള്ളൂ. സന്തോഷം. വകുപ്പ് ചോദിച്ചവരോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രം. അതൊക്കെ മുഖ്യമന്ത്രിയുടെ പണിയല്ളേ, ഏത് കിട്ടിയാലും നമ്മള് മോശമാക്കോ. ഇടയ്ക്ക് ആരോ പറഞ്ഞു ‘പുറത്ത് മാധ്യമങ്ങള്‍ നില്‍പുണ്ട്, അവരെ കാണണ്ടേ’ കാണാം..., പാര്‍ട്ടി സെക്രട്ടറി എല്ലാം പറഞ്ഞുകഴിഞ്ഞല്ളോ അല്ളേ. പുറത്തിറങ്ങിയ മണിയാശാനെ മാധ്യമങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം മന്ത്രിയായാലെങ്കിലും ആശാന്‍ ശൈലിമാറ്റുമോ ഉടന്‍വന്നു മറുപടി ‘ഞാനെന്തിനുമാറ്റണം, എല്ലാവര്‍ക്കും ഓരോശൈലിയില്ളേ, കരുണാകരന് ഉമ്മന്‍ ചാണ്ടിക്ക് നായനാര്‍ക്ക് വി.എസിന്. ഈ മഹാരഥന്മാരുടെ ശൈലിയൊക്കെ ജനം അംഗീകരിച്ചിട്ടില്ളേ.
ഈ ശൈലികൊണ്ടല്ളേ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ വിവാദങ്ങള്‍ ഉണ്ടാകാനല്ല സംസാരിക്കുന്നത്. പക്ഷേ, ഞാന്‍ സംസാരിക്കുമ്പോള്‍ അത് വിവാദങ്ങളാവുകയും നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) അത് കുത്തിപ്പൊക്കുകയുമല്ളേ’. പിന്നെയും ചോദ്യങ്ങള്‍, വണ്‍, ടു, ത്രീ... എല്ലാചോദ്യങ്ങള്‍ക്കും ചിരിച്ചുകൊണ്ട് സ്വതസിദ്ധമായ ശൈലിയില്‍ മറുപടി. തുടര്‍ന്ന് മാധ്യമങ്ങളോട് നന്ദി പറഞ്ഞ് വീണ്ടും എ.കെ.ജി സെന്‍ററിലേക്ക്. പാര്‍ട്ടി സെക്രട്ടറിയുടെ മുറിയില്‍ചെന്ന് കോടിയേരി ബാലകൃഷ്ണനെ കണ്ട് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.