അതിരപ്പിള്ളി പദ്ധതി നടപ്പാകാൻ തൽക്കാലം സാഹചര്യമില്ല –മന്ത്രി മണി
text_fields
ജലവൈദ്യുത പദ്ധതികൾ പ്രായോഗികമായില്ലെങ്കിൽ സോളാറിനെക്കുറിച്ച് ആലോചിക്കേണ്ടിവരും
അടൂർ: ജലവൈദ്യുതി പദ്ധതികളാണ് ഏറ്റവും ലാഭകരമെങ്കിലും വിവാദമുയർന്ന സാഹചര്യത്തിൽ അതിരപ്പിള്ളി പദ്ധതി തൽക്കാലം നടപ്പാകാൻ സാഹചര്യമില്ലെന്ന് മന്ത്രി എം.എം. മണി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ശിൽപശാല അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 70 ശതമാനം പുറത്തുനിന്ന് വാങ്ങുകയാണ്. സംസ്ഥാനത്ത് ഭൂരിപക്ഷവും ജലവൈദ്യുതി പദ്ധതികളാണ്. ഇക്കുറി ഡാമിലെ വെള്ളക്കുറവ് മൂലം ജലവൈദ്യുതി പദ്ധതിയിൽനിന്ന് ലഭിക്കുന്ന 30 ശതമാനത്തിൽ കുറവുണ്ടാകും.
സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതി എങ്ങനെയുണ്ടാക്കണമെന്നത് സങ്കീർണപ്രശ്നമാണ്. കൂടുതൽ ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ, ചെലവു കൂടും. കായംകുളം താപനിലയത്തിലെ വൈദ്യുതിക്ക് യൂനിറ്റിന് 6.50 രൂപ നൽകണം. പുറത്തുനിന്ന് 3.50 രൂപക്ക് ലഭിക്കും. അതിനാൽ കായംകുളത്തെ വൈദ്യുതി ഉപയോഗിക്കാൻ കഴിയില്ല.
ഒരു യൂനിറ്റ് വൈദ്യുതി പോലും ഉപയോഗിക്കാതെ 299 കോടി രൂപ കായംകുളം നിലയത്തിന് സംസ്ഥാനം നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാൽ, 500 കോടി നൽകിയാൽ സംസ്ഥാനത്തിന് വിട്ടുനൽകാമെന്നും കേന്ദ്രം പറയുന്നു. ഇതുസംബന്ധിച്ച് സർക്കാർ ആലോചനയിലാണെന്ന് മന്ത്രി പറഞ്ഞു. കൽക്കരി നിലയം സ്ഥാപിക്കുന്നതിന് സാധ്യതകളുണ്ടെങ്കിലും സംസ്ഥാനത്തെ ഒരാളും അനുവദിക്കില്ല. അത് പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കും. സോളാർ സംവിധാനം ഉപയോഗപ്പെടുത്തണമെങ്കിലും ചെലവു കൂടുതലാണ്. ഓരോ യൂനിറ്റിനും 6.50 രൂപ നൽകേണ്ടി വരും. ജലവൈദ്യുതി പദ്ധതികൾ പ്രായോഗികമായില്ലെങ്കിൽ സോളാർ പദ്ധതികളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം. ശിവശങ്കർ അധ്യക്ഷത വഹിച്ചു. ഡോ. ആർ. ഹരികുമാർ, ജി. മധുസൂദനൻ പിള്ള, പി.ഡി. നായർ, കെ.ആർ. മോഹൻദാസ്, വി.എൻ. അച്യുതൻ നായർ, എ.എൻ. രാജൻ, എ.പി. ജയൻ, ഡി. സജി, എം.പി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.