എം.എം. മണിയുടെ സഹോദരന്റെ ടൂറിസം പദ്ധതി വിവാദത്തിൽ; നടപടിക്ക് കലക്ടറുടെ നിർദേശം
text_fieldsതൊടുപുഴ: മുൻ മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള ടൂറിസം പദ്ധതി വിവാദത്തിൽ. ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ ഇരുട്ടുകാനം ജങ്ഷൻ ഭാഗത്ത് ലംബോദരന്റെ ഭാര്യ സരോജിനിയുടെ പേരിലുള്ള ഭൂമിയിൽ സാഹസിക ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച സിപ്ലൈൻ പദ്ധതിയാണ് വിവാദത്തിലായത്. ഭൂമിയുടെ വിനിയോഗത്തിൽ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ പട്ടയം റദ്ദാക്കാൻ നടപടിയെടുക്കുന്നതിന് കലക്ടർ ഷീബ ജോർജ് ദേവികുളം സബ്കലക്ടർക്ക് നിർദേശം നൽകി.
രണ്ട് മലകളെ ബന്ധിപ്പിക്കുന്ന കേബിളിൽ തൂങ്ങി സഞ്ചരിക്കാവുന്ന സാഹസിക വിനോദ പദ്ധതിയാണ് സിപ്ലൈൻ. വെള്ളത്തൂവൽ ഉൾപ്പെടെ എട്ട് വില്ലേജുകളിൽ താൽക്കാലിക നിർമാണത്തിനുപോലും റവന്യൂ വകുപ്പ് അനുമതി നൽകാതിരിക്കെ ലംബോദരന് പദ്ധതിക്കായി വഴിവിട്ട സഹായം ലഭിച്ചെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
കൃഷിക്കും വീട് നിർമാണത്തിനും മാത്രം നൽകിയ സരോജിനിയുടെയും സമീപം തോമസ് എന്നയാളുടെയും പേരിലുള്ള ഭൂമികളിലായി വെള്ളത്തൂവൽ പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും അനുമതിയോടെയാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ, ദേവികുളം സബ്കലക്ടർ, തഹസിൽദാർ, വെള്ളത്തൂവൽ വില്ലേജ് ഓഫിസർ എന്നിവർ പദ്ധതിക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടയം റദ്ദാക്കാനുള്ള തീരുമാനം.
അതേസമയം, പട്ടയം റദ്ദാക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും ഈ മാസം 20ന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എം.എം. ലംബോദരൻ പറഞ്ഞു. എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തും. ഇത്തരം താൽക്കാലിക നിർമിതിക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണ്ടെന്നാണ് തനിക്ക് കിട്ടിയ നിയമോപദേശം. മറ്റ് സിപ്ലൈൻ പദ്ധതികൾക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും ലംബോദരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.