സമരം തകർക്കാൻ സി.പി.എം ശ്രമം -പൊമ്പിളൈ ഒരുമൈ
text_fieldsമൂന്നാർ: മന്ത്രി എം.എം. മണിക്കെതിരായ സമരത്തിന് പിന്തുണയേറിയ സാഹചര്യത്തിൽ ഏതുവിധത്തിലും സമരം തകർക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ. സമരത്തെ എല്ലാ സ്ത്രീകളും പിന്തുണക്കുന്നുണ്ട്. തോട്ടങ്ങളിൽ ജോലിയുള്ള സമയമായതിനാലാണ് തൊഴിലാളികള്‍ സമരപ്പന്തലില്‍ എത്താത്തതെന്നും ഗോമതി പറഞ്ഞു.
മണിയുടേത് നാട്ടുശൈലിയാണെങ്കിൽ അത് മോശം ശൈലിയാണ്. സ്ത്രീകളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നാടൻശൈലിയിൽ സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെക്കുറിച്ചൊന്നും ഇവർ പറയില്ല. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികൾ തങ്ങൾക്കൊപ്പമുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് അകറ്റാനാണ് ശ്രമിക്കുന്നത്. പൊമ്പിളൈ ഒരുമൈയിലെ ലിസി സണ്ണിയെ തങ്ങൾക്കെതിരെ രംഗത്തിറക്കി സമരം പൊളിക്കാനുള്ള ശ്രമവും സി.പി.എം നടത്തുന്നുണ്ട്. എന്നാൽ, ഇതൊന്നും തങ്ങളെ തളർത്തില്ലെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഗോമതി പറഞ്ഞു.
സമരം ശക്തമാക്കി പൊമ്പിൈള ഒരുമൈ
മൂന്നാർ: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമർങ്ങളിൽ പ്രതിഷേധിച്ച് പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന സമരം ശക്തമാക്കി. വിവാദ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പിന്തുണച്ച സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം. ഇതിെൻറ ഭാഗമായി നേതാക്കളായ ഗോമതി അഗസ്റ്റിൻ, കൗസല്യ തങ്കമണി എന്നിവർ തിങ്കളാഴ്ച രാവിലെ നിരാഹാരം ആരംഭിച്ചു.
ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനും തിങ്കളാഴ്ച ഉച്ചമുതൽ നിരാഹാരത്തിലാണ്. ഇതിനിടെ, വിവിധ സംഘടനകളും നേതാക്കളും മൂന്നാറിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ഓൾ കേരള ഭൂസംരക്ഷണ ദലിത് സേന, ബി.ജെ.ഡി.എസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹി കൃഷ്ണവേണി തുടങ്ങിയവരും സമരപ്പന്തലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.