എം.എൻ സ്മാരകം: ചരിത്രം തുടിക്കുന്ന ചുമരുകൾക്ക് പുതിയ ഭാവം, ഉദ്ഘാടനം 26ന്
text_fieldsതിരുവനന്തപുരം: സി.പി.ഐ ആസ്ഥാന മന്ദിരമായ എം.എൻ സ്മാരകം നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പാർട്ടി സ്ഥാപക ദിനമായ ഡിസംബർ 26നാണ് ഉദ്ഘാടനം. കോൺഫറൻസ് ഹാളും ലൈബ്രറിയും സോഷ്യൽ മീഡിയ റൂമും കാന്‍റീനും ഗെസ്റ്റ്ഹൗസുമടക്കം വിപുല സൗകര്യങ്ങളാണ് നവീകരിച്ച കെട്ടിടത്തിലുള്ളത്. 2023 മേയ് 16ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് നവീകരണത്തിന് തറക്കല്ലിട്ടത്. പക്ഷേ, മന്ദിരം നവീകരിച്ച് പ്രവർത്തനസജ്ജമായപ്പോഴേക്കും കാനം വിടപറഞ്ഞുവെന്നത് ദുഃഖഭാരമായി ശേഷിക്കുന്നു.
രണ്ടിൽനിന്ന് മൂന്ന് നിലയിലേക്ക് വിപുലപ്പെടുത്തിയതാണ് പ്രധാനമാറ്റം. 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളാണ് ഇതിൽ പ്രധാനം. സംസ്ഥാന കൗൺസിൽ യോഗം ചേരാനും ഓഡിറ്റോറിയം ആവശ്യങ്ങൾക്കുമായി സജ്ജമാക്കിയിരിക്കുന്ന എ.സി ഹാളിന് കാനം രാജേന്ദ്രന്‍റെ പേരാണ് നൽകിയിരിക്കുന്നത്. പഴയ മന്ദിരത്തിലും ഹാൾ ഉണ്ടായിരുന്നെങ്കിലും സ്ഥലക്കുറവ് മൂലം ജോയന്‍റ് കൗൺസിൽ ഹാളിലോ എ.ഐ.ടി.യു.സി ഓഫിസിലോ ആണ് സംസ്ഥാന കൗൺസിൽ ചേർന്നിരുന്നത്. സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്‍റെ നിര്യാണശേഷം കൗൺസിൽ യോഗം എം.എൻ സ്മാരകത്തിൽ ചേർന്നിട്ടേയില്ല. ഉദ്ഘാടനശേഷം 26 മുതൽ രണ്ടുദിവസത്തെ കൗൺസിൽ യോഗവും പുതിയ മന്ദിരത്തിൽ ചേരുന്നുണ്ട്.
സെക്രട്ടറിയുടെ ഓഫിസ് രണ്ടാംനിലയിലേക്ക്
ലിഫ്റ്റ് സൗകര്യമാണ് മറ്റൊരു മാറ്റം. പഴയ നടുമുറ്റം വാർത്തസമ്മേളനങ്ങൾക്കും മറ്റുമുള്ള ഹാളാക്കി മാറ്റി. സംസ്ഥാന സെക്രട്ടറിയുടെ ഓഫിസ് നേരത്തെ ഒന്നാംനിലയിലായിരുന്നു. ഇത് രണ്ടാംനിലയിലേക്ക് മാറും. സംസ്ഥാന എക്സിക്യൂട്ടിവ് ചേരുന്നതിനും മറ്റും പഴയ കൗൺസിൽ ഹാൾ നവീകരിച്ച് പുതിയ ക്രമീകരണം ഒരുക്കി.
വട്ടമേശ സ്വഭാവത്തിലുള്ള ഈ ഹാളിൽ 25ഓളം പേർക്ക് ഇരിക്കാം. കോമ്പൗണ്ടിൽ തന്നെ ഗെസ്റ്റ് ഹൗസും കാന്‍റീനും പണിതിട്ടുണ്ട്. നേരത്തെ രണ്ടുമുറി ഓടിട്ട കെട്ടിടമായിരുന്നു. ഇത് പൊളിച്ചാണ് ഡബിൾ റൂമും ത്രിബിൾ റൂമുമായി മുപ്പതോളം പേർക്ക് താമസിക്കാവുന്ന ഗെസ്റ്റ്ഹൗസും 60ഓളം പേർക്ക് ഇരിക്കാവുന്ന കാന്‍റീനും സജ്ജമാക്കിയത്.
ഇടത് മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രം
സി.പി.ഐയുടെ ഏറെ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരത്തിന് ഏറെ ചരിത്ര പ്രാധാന്യവുമുണ്ട്. 1962ലാണ് കെട്ടിട നിർമാണം പൂർത്തിയായത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നതുവരെ അവിഭക്ത കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു എം.എൻ സ്മാരകം. എം.എൻ. ഗോവിന്ദൻ നായരാണ് സംസ്ഥാന കമ്മിറ്റി ഓഫിസിന്‍റെ നിർമാണത്തിന് ചുക്കാൻ പിടിച്ചത്. 1984ൽ അന്തരിച്ച എം.എൻ. ഗോവിന്ദൻ നായരുടെ ഓർമയിൽ 1985ൽ അന്നത്തെ ദേശീയ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവാണ് എം.എൻ സ്മാരകമെന്ന് നാമകരണം ചെയ്തത്. അതിന് മുമ്പ് സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് എന്നാണ് അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.