കണ്ണൂർ വി.സി നിയമനം: ചാൻസലറായ ഗവർണറുമായി ആശയവിനിമയം നടത്തുന്നത് സ്വാഭാവികം -മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്‍റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സർവകലാശാലയുടെ ചാൻസലറായ ഗവർണറും, പ്രോചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. സർവകലാശാലാനിയമത്തിൽ പ്രോചാൻസലർ പദവി പ്രത്യേകം നിർവചിക്കപ്പെട്ട സാഹചര്യത്തിൽ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നിട്ടും പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്.
പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണ്. നിയമനത്തിൽ അപാകതയൊന്നുമില്ലെന്ന് കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.