ഓൺലൈൻ റമ്മിയിൽ പൊലിയുന്നത് ലക്ഷങ്ങൾ; നിയന്ത്രിക്കാനാരുമില്ല
text_fieldsകോഴിക്കോട്: തികഞ്ഞ ചൂതാട്ടമായ ഓൺലൈൻ റമ്മി കളിയിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ കൂലിപ്പണിക്കാർക്കുവരെ ലക്ഷങ്ങൾ നഷ്ടമാകുമ്പോഴും നിയന്ത്രിക്കാൻ നടപടിയില്ല. ലക്ഷങ്ങൾ നഷ്ടമാകുമ്പോൾ ഏതുവിധത്തിലും പണം കണ്ടെത്താൻ റമ്മി കളിക്കാർ ശ്രമിക്കുന്നത് കുറ്റകൃത്യമായി മാറുന്നതിെൻറ ഉദാഹരണമാണ് തിരുവനന്തപുരത്തെ ട്രഷറി തട്ടിപ്പു പ്രതി ബിജുലാലിെൻറ മൊഴി. ഒാരോ മാസവും ലക്ഷക്കണക്കിന് രൂപ ഓൺലൈൻ റമ്മി കളിയിൽ ഇദ്ദേഹത്തിന് നഷ്ടമായതാണ് ട്രഷറിയിൽനിന്ന് പണം തട്ടുന്നതിലേക്ക് നയിച്ചത്. നിരവധി പേർ പണം തുലച്ച ഈ ചൂതാട്ടം നിയമത്തിെൻറ പഴുതുകളുപയോഗിച്ച് തുടരുമ്പോഴും നടപടിയെടുക്കാൻ അധികൃതർ മടിക്കുകയാണ്.
ചില സംസ്ഥാനങ്ങൾ ഇത്തരം ഓൺലൈൻ ചൂതാട്ടം നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിക്കും തയാറല്ല. നാല് പ്രമുഖ ആപ്പുകളാണ് ഓൺലൈൻ റമ്മി എന്ന ശീട്ടുകളി യിലെ പ്രമുഖർ. ചെറിയ തുക മുതൽ 50,000 രൂപ വരെ നൽകി കളിക്കാം. ഓരോ ഗെയിമിങ് സൈറ്റിെൻറയും വാലറ്റിലേക്ക് പണം നിക്ഷേപിക്കണം. ഈ തുകയെടുത്താണ് കളിക്കുന്നത്. മുമ്പ് റോഡരികിൽ സജീവമായിരുന്ന 'നാടകുത്ത്' ചൂതാട്ടത്തിെൻറ പോസ്റ്റ് മോഡേൺ തന്ത്രമാണ് ഓൺലൈൻ റമ്മി സൈറ്റുകൾ പയറ്റുന്നത്. തുടക്കത്തിൽ കളിക്കാരന് കളി ജയിച്ച് കുറെ തുക കിട്ടും. ഈ 'വിജയത്തിെൻറ ' ആവേശത്തിൽ പിന്നീട് ചൂതാട്ടത്തിൻ്റെ പടുകുഴിയിൽ പതിക്കും .
വാലറ്റിൽ പണമില്ലെങ്കിൽ കളിക്കാരന് ബോണസായി ചെറിയ തുകകൾ അനുവദിക്കും. വീണ്ടും ആവേശം കയറി കളിച്ച് കൂടുതൽ പണം നഷ്ടമാകുന്നതാണ് ദുരവസ്ഥ.സുപ്രീംകോടതി ഉത്തരവ് പ്രകാരം വൈദഗ്ധ്യം ആവശ്യമായ കളികൾ ചൂതാട്ടമല്ലെന്നാണ് റമ്മി നടത്തിപ്പുകാരുടെ വാദം. തെലങ്കാന, സിക്കിം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓൺലൈൻ റമ്മി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഗെയിമിങ് ആൻഡ് ഗാംബ്ലിങ് നിയമപ്രകാരം ഓൺലൈൻ റമ്മി നിരോധിക്കാനാവില്ല. ഇതിനായി നിയമ ഭേദഗതി തന്നെ വേണ്ടിവരും. നിലവിൽ റമ്മി കളിയിൽ പണം നഷ്ടമായി ആരെങ്കിലും പരാതി നൽകിയാൽ ആ കളിക്കാരനെതിരെയും കേസെടുക്കാവുന്നതാണ്. ഈ ഊരാക്കുടുക്കാണ് പരാതിക്കാർക്ക് വിനയാകുന്നത്.
ഓൺലൈൻ ശീട്ടുകളി വ്യാപകമാകുന്നതിനാൽ റഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാറിനോട് നിർദേശിച്ചിരുന്നു. കേരളത്തിലും ഇത്തരം അതോറിറ്റികൾ വേണമെന്ന ആവശ്യം ശക്തമാണ്. ലോക്ഡൗൺ കാലത്ത് ഓൺലൈൻ ശീട്ടുകളിക്ക് വൻ വളർച്ചയായിരുന്നു. ഇടക്കിടെ കളിച്ചിരുന്നവർ ലോക്ഡൗണിലും കോവിഡ് അവധിക്കാലത്തും കളിയിൽ മുഴുകി. കോഴിക്കോട്ടെ ഒരു സർക്കാർ ഉദ്യോഗസ്ഥന് അഞ്ചു ലക്ഷമാണ് ഓൺലൈൻ റമ്മി കളിയിൽ നഷ്ടമായത്. ഇതിലേറെയും ലോക്ഡൗൺ കാലത്തായിരുന്നു. പണം നഷ്ടമായ ഒരു വിദ്യാർഥിയുടെ ചൂതാട്ടം ലഹരി ഉപയോഗത്തിലാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.