മാവോവാദി വേട്ട: പൊലീസ് ഭാഷ്യം ഉയര്‍ത്തി കോടിയേരി
text_fieldsതിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ പൊലീസ് വെടിവെച്ചു കൊന്ന വിഷയത്തില്‍ പൊലീസ് ഭാഷ്യം ഉയര്‍ത്തിപ്പിടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് സേനക്ക് നേരെ മാവോവാദികള്‍ വെടിവെച്ചു എന്ന പൊലീസ് വെളിപ്പെടുത്തലിനോട് അവിശ്വാസം വേണ്ടെന്ന് ‘ദേശാഭിമാനി’ പത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ‘മാവോവാദികളെ മനസ്സിലാക്കുക’ എന്ന ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാവോവാദികള്‍ ഇറങ്ങിത്തിരിച്ചത് ദുരൂഹമാണെന്നും ‘നേര്‍വഴി’ പംക്തിയില്‍ പറയുന്നു. ഇതേദിവസത്തെ മുഖപ്രസംഗത്തില്‍ മാവോവാദികളും പൊലീസും തമ്മില്‍ ഏകപക്ഷീയ ഏറ്റുമുട്ടലാണോ നടന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിയട്ടെയെന്നാണ് വ്യക്തമാക്കുന്നത്.
മാവോവാദികള്‍ കാഠ്മണ്ഡു മുതല്‍ കന്യാകുമാരി വരെ ചുവപ്പ് ഇടനാഴി തീര്‍ത്തെന്ന വാദം സാമൂഹിക യാഥാര്‍ഥ്യങ്ങളെ പര്‍വതീകരിക്കുന്നതാണെന്ന കാനം രാജേന്ദ്രന്‍െറ വാദത്തെ നിരാകരിച്ചാണ് കോടിയേരിയുടെ ലേഖനം. ‘നേപ്പാളില്‍ തുടങ്ങി ബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര, തമിഴ്നാട് എന്നിവയും കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു ‘ചുവന്ന ഇടനാഴി’ സ്ഥാപിക്കാനുള്ള പരിശ്രമമായിരുന്നു കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ നടന്നുവന്നതെന്നാണ് മാധ്യമ വിവരങ്ങള്‍. ഈ പ്രവര്‍ത്തനം അറിഞ്ഞ് വനപ്രദേശത്ത് എത്തി പട്രോള്‍ നടത്തിയ പൊലീസിനു നേരെ വെടിവെപ്പുണ്ടായി. തുടര്‍ന്ന് വെടിവെച്ച സ്ഥലത്തേക്ക് പൊലീസ് തിരിച്ച് വെടിവെച്ചപ്പോള്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും രണ്ടാള്‍ മരിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കേണ്ടതായിട്ടില്ല.
പശ്ചിമബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാറിനെ ഒറ്റപ്പെടുത്താന്‍ തൃണമൂലുമായും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരുമായും മഹാസഖ്യത്തില്‍ ഏര്‍പ്പെട്ടവരാണ് മാവോവാദികള്‍’ എന്നീ കാര്യങ്ങള്‍ ലേഖനത്തില്‍ പറയുന്നു. നിലമ്പൂരില്‍ സംഭവിച്ചത് എല്‍.ഡി.എഫോ സര്‍ക്കാറോ ആഗ്രഹിച്ചകാര്യമല്ല. മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ തടയുന്ന നടപടി സര്‍ക്കാറില്‍നിന്ന് ഉണ്ടാകില്ളെന്ന കാര്യം ഉറപ്പാണ്. മാവോവാദികളെയും അനുകൂലിക്കുന്നവരെയും ആശയ- രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുക എന്നതാണ് സി.പി.എം സമീപനമെന്നും കോടിയേരി വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.