കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നതെന്നാരോപിച്ച് വയോധികന് ക്രൂരമർദനം
text_fieldsപൊന്നാനി (മലപ്പുറം): കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരെന്ന് ആരോപിച്ച്, വയോധികനായ യാചകനെ പൊന്നാനിയിൽ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. പൊന്നാനി നഴ്സിങ് ഹോമിനടുത്ത് വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ആന്ധ്ര സ്വദേശിയായ ഇയാളെ നിലത്തിട്ട് ചവിട്ടുകയും നഗ്നനാക്കി കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നും ഇയാളിൽനിന്ന് ക്ലോറോഫോമും മിഠായിയും ലഭിച്ചെന്നുമായിരുന്നു പ്രചാരണം.
പൊലീസ് അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് മർദനമെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പൊലീസിനെതിരെയും തിരിഞ്ഞു. കൂടുതൽ പൊലീസെത്തി ലാത്തിവീശിയാണ് ആൾക്കാരെ തുരത്തിയത്.
ബോധം നഷ്ടപ്പെട്ട വൃദ്ധനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴിന് മരക്കടവിൽ യാചനക്കെത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചിരുന്നു. ഇവരും യാചക മാത്രമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊന്നാനി ബീച്ചിലെത്തിയ പിതാവിനെയും മകനെയും ബുധനാഴ്ച നാട്ടുകാരിൽ ചിലർ മർദിച്ചതും കുട്ടിയെ തട്ടിക്കൊണ്ടുവന്നെന്ന് പറഞ്ഞാണ്. പെരുമ്പടപ്പ് സ്വദേശികളാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.