യുവാവിന് ആൾക്കൂട്ട മർദനം; പ്രതിയെ സാഹസികമായി പിടികൂടി
text_fieldsമേപ്പാടി: കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അതിക്രൂരമായി മർദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ് (32) ആണ് പിടിയിലായത്.
ഇയാളെ സാഹസികമായാണ് ചിത്രഗിരിയിൽ വെച്ച് മേപ്പാടി പൊലീസും സ്പെഷ്യൽ സ്ക്വാഡും വലയിലാക്കിയത്. പൊലീസിനെ കണ്ട് ചിത്രഗിരിയിലെ കാപ്പിത്തോട്ടത്തിലൂടെ ഓടിയ അഖിലിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കൊലപാതകം, പോക്സോ, കവർച്ച തുടങ്ങി കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊടുംകുറ്റവാളിയായ അഖിൽ ഗോസ്റ്റ് അഖിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഭവം നടന്നതിനുശേഷം കർണാടകയിലും തമിഴ്നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.
കാപ്പിത്തോട്ടത്തിനുള്ളിൽ ഷെഡ് ഉണ്ടാക്കി കഴിഞ്ഞുവരികയായിരുന്നു. ചിത്രഗിരിയിലെ ഇയാളുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കേസിനാസ്പദമായ സംഭവം നടന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കടല്‍മാട് കമ്പാളകൊല്ലി, കൊച്ചുപുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ് (29), മലപ്പുറം കടമ്പൊട് ചാത്തന്‍ചിറ വീട്ടിൽ ല്‍ ബാദുഷ (26), മലപ്പുറം തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാല്‍ കോട്ടൂര്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന് ജോസഫ്(35), ചുളളിയോട് മാടക്കര പുത്തന്‍വീട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ് (31) എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാൻഡിലാണ്.
സംഭവത്തില്‍ മുഴുവൻ പ്രതികളും പിടിയിലായി. ഇവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ മേയ് അഞ്ചിന് പുലര്‍ച്ചെ വടുവൻചാൽ ടൗണില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തോമാട്ടുച്ചാല്‍ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതായി ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കാറില്‍ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മര്‍ദിക്കുകയും കാറിന്റെ താക്കോല്‍ കവര്‍ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന്, വാഹനത്തില്‍ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തില്‍ കൊണ്ടുപോയി വീണ്ടും മര്‍ദിച്ചു.
മര്‍ദനത്തില്‍ യുവാവിന്റെ കാല്പാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ ഷമീർ, വിപിൻ, സിവിൽ പൊലീസ് ഓഫീസർ ബിജു, ഡ്രൈവർ ഷാജഹാൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.