യുവാവിന് നടുറോഡിൽ ക്രൂരമർദനം, വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് കൊടുത്തു; ചോരയൊലിച്ചിട്ടും ഒന്നരമണിക്കൂർ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ല
text_fieldsമങ്കട: മങ്കടക്ക് സമീപം വലമ്പൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡിൽ തടഞ്ഞുനിർത്തി വളഞ്ഞിട്ട് ആക്രമിച്ചു. കരുവാരകുണ്ട് പുൽവെട്ട സ്വദേശി ഷംസുദ്ദീനെ (40) യാണ് ഇരുപതോളം പേർ ചേർന്ന് മർദിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പുലാമന്തോളിൽ ഒരു മരണാനന്തരചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംസുദ്ദീൻ. ഇതിനിടെ വലമ്പൂരിൽവെച്ച് മുമ്പിൽ പോയ ബൈക്ക് നടുറോഡിൽ സഡൻബ്രേക്കിട്ട് നിർത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.
വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ല. ആശുപത്രിയിൽ പോകാൻ അനുവദിച്ചതുമില്ല. വെള്ളം ചോദിച്ചപ്പോൾ നാട്ടുകാരിൽ ഒരാൾ കുപ്പിവെള്ളം നൽകിയെങ്കിലും അക്രമികൾ ഇത് പിടിച്ചുവാങ്ങി അതിൽ തുപ്പിയിട്ട് കുടിക്കാൻ പറയുകയായിരുന്നു. ഒടുവിൽ കരുവാരകുണ്ടിൽനിന്ന് ബന്ധുക്കൾ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശംസുദ്ദീന്റെ സഹോദരൻ മുഹമ്മദലിയുടെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്തു.
വലമ്പൂരിൽ ശംസുദ്ദീൻ സഞ്ചരിച്ച ബൈക്കിന് തൊട്ടുമുന്നിൽ മറ്റൊരുസ്കൂട്ടർ നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിച്ചതത്രെ. അതുകഴിഞ്ഞ് ഇരുവരും യാത്ര തുടർന്നു. അൽപദൂരം പിന്നിട്ടപ്പോൾ മറ്റെയാൾ സ്കൂട്ടർ ഓവർടേക്ക് ചെയ്ത് ഷംസുദ്ദീന്റെ കുറുകെയിട്ട് വഴിതടഞ്ഞു. പിന്നാലെ, ഇയാൾ മറ്റൊരാളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഉടൻ മർദനം ആരംഭിച്ചു. ഒന്നും ചോദിക്കുക പോലും ചെയ്യാതെയായിരുന്നു മർദനം. പിന്നീട് കൂടുതൽ പേരെ വിളിച്ചുവരുത്തി ആക്രമണം തുടർന്നു. കമ്പിവടി കൊണ്ട് കണ്ണിന് നേരെ അടിച്ചു.
മുഖം വെട്ടിച്ചതിനാൽ കണ്ണിന് മുകളിലാണ് അടിയേറ്റത്. ഇവിടെ 10 തുന്നലുണ്ട്. കാഴ്ചക്ക് നേരിയ മങ്ങൽ അനുഭവപ്പെടുന്നുണ്ട്. അടിയേറ്റ് രക്തംവാർന്ന് വീണുകിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മദ്യപിച്ച് പ്രശ്നമുണ്ടാക്കി വീണുകിടക്കുകയാണെന്നാണ് വഴിയേ പോകുന്നവരോട് അക്രമികൾ പറഞ്ഞതെന്ന് ശംസുദ്ദീൻ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ, എം.ഡി.എം.എയാണോ, കഞ്ചാവുണ്ടോ തുടങ്ങിയ ചോദ്യം ചെയ്യലിനും ദേഹപരിശോധനക്കും വിധേയനായി. മൊബൈൽ പിടിച്ചുപറിക്കാനും ശ്രമം നടന്നതായി ശംസുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.