സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് മരണം
text_fieldsവെളിയം: സദാചാര പൊലീസിെൻറ സംഘം ചേർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. വാളകം അണ്ടൂർ രത്നവിലാസത്തിൽ അനിൽകുമാർ (40) ആണ് മരിച്ചത്. ഡിസംബർ എട്ടിന് രാത്രി അണ്ടൂർ കരിക്കുഴി സ്വദേശിയായ സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് പത്തോളം പേർ അനിലിനെ ആക്രമിച്ചത്. കല്ല് ഉപയോഗിച്ച് മുഖത്തും തലയിലും മർദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ േകാളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്ച മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വാളകം അണ്ടൂർ സ്വദേശികളായ രാമവിലാസം വീട്ടിൽ ഹരിലാൽ (45), വടക്കേക്കര കോളനി മിനി വിലാസത്തിൽ വിനോദ് (32), കരിക്കുഴി കോളനി എസ്.ബി ഭവനിൽ സന്തോഷ് (42), വടക്കേക്കര കോളനി പടിഞ്ഞാറ്റേതിൽ സുമേഷ് (24), സുരേഷ് വിലാസത്തിൽ സുരേഷ് (41), വടക്കേക്കര തുണ്ടുവിള കിഴക്കതിൽ കൊച്ചുവീട്ടിൽ സജീവ് (32), കരിക്കുഴി പാറവിള വീട്ടിൽ സുരേഷ് (42), മുരളി (53), വടക്കേകര കോളനി കൊച്ചുവിളകിഴക്കതിൽ വീട്ടിൽ സാം മാത്യു (40), വടക്കേകര കോളനി സുരേന്ദ്രൻ (55) എന്നിവരാണ് കൊട്ടാരക്കര പൊലീസിെൻറ പിടിയിലായത്.
തലക്ക് മാരകമായി പരിക്കേറ്റതാണ് മരണകാരണമായത്. കൊട്ടാരക്കര സി.ഐ ബിനുകുമാർ, എസ്.ഐമാരായ രാജീവ്, അജയകുമാർ, സി.പി.ഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മോഷ്ടാവെന്നാരോപിച്ച് ഇരുമ്പു പഴുപ്പിച്ചു പൊള്ളിച്ച യുവാവ് മരിച്ചു; ആറ് പേർ അറസ്റ്റിൽ
തിരുവല്ലം (തിരുവനന്തപുരം): പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്നാരോപിച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ചികിത്സയിലായിരുന്ന, മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മരിച്ചു. തിരുവനന്തപുരം വെള്ളായണി പാപ്പാൻചാണി തെക്കുംകര പുതുവൽവിള വീട്ടിൽ ഓമനയുടെ മകൻ അജേഷാണ് (30) മരിച്ചത്. സംഭവത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്ചയാണ് അജേഷിനെ അഞ്ചംഗസംഘം മർദിക്കുകയും ഇരുമ്പ് പഴുപ്പിച്ച് പൊള്ളലേൽപിക്കുകയും ചെയ്തത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
പിടിയിലായ ശംഖുംമുഖം ലെനാ റോഡ് റോസ് ഹൗസിൽ ആമത്തലയൻ എന്ന ജിനേഷ് വർഗീസ് (28), കരമന മിത്രാനഗർ നസീർ എന്ന ഷഹാബുദ്ദീൻ (43), നേമം ജെ.പി ലെയിനിൽ അരുൺ (29), ചെറിയതുറ ഫിഷർമെൻ കോളനിയിലെ സജൻ (33), പാപ്പാൻചാണി പൊറ്റവിള വീട്ടിൽ റോബിൻസൺ (39), മലപ്പുറം സ്വദേശി സജിമോൻ(28) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
പാച്ചല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൂടി പിടികിട്ടാനുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ പാലപ്പൂരിലെ വസതിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.