കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിങ് കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം; ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ
text_fieldsതിരുവനന്തപരും: കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സ് വരെ മാസംതോറും 2000 രൂപ വീതം നൽകും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഇവിടെ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും.
പ്ലസ് വൺ പരീക്ഷ ആഗസ്റ്റിൽ ഓണാവധിക്ക് അടുത്തുള്ള സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിച്ച അധ്യാപകർ, കോവിഡ് ഡ്യൂട്ടിയിലുണ്ടെങ്കിൽ അതിൽനിന്ന് ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്‍റെ വേഗത വർധിപ്പിക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തും. നിലവിൽ സംസ്ഥാനത്ത് രോഗം വന്നവർ 52 പേരാണ്. പക്ഷെ, ജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്.
കാലവർഷഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുേമ്പാൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിർമാണ മേഖലയിൽ മെറ്റൽ ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ക്രഷറുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഓക്സി മീറ്റർ സ്വന്തമായി തയാറാക്കുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കും.
സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിലവിൽ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. അതേസമയം, നിർമാണ കേന്ദ്രങ്ങളിൽനിന്നും അവ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.