വിലക്കയറ്റം തടയാൻ ഇന്നു മുതൽ മൊബൈൽ മാവേലി സ്റ്റോറുകൾ
text_fieldsതൃശൂർ: വിലക്കയറ്റം തടയാൻ മൊബൈൽ മാവേലി സ്റ്റോറുകളുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രംഗത്ത്. ചൊവ്വാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ സംസ്ഥാനത്താകെ സർവിസ് നടത്തി ജനങ്ങൾക്ക് മിതവിലയിൽ സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.എന്നാൽ, വിൽപനശാലകളിൽ പോലും സബ്സിഡി സാധനങ്ങളുടെ അഭാവം നിഴലിക്കുേമ്പാൾ മൊബൈൽ മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എങ്ങനെ ലഭ്യമാക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം.
മൂന്ന് ജില്ലകളിൽ രണ്ടു ദിവസം എന്ന നിലയിൽ സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും എത്തുന്ന തരത്തിൽ സമയക്രമവും റൂട്ടും നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് അഞ്ചു പോയൻറുകളിൽ സാധനങ്ങളുമായി എത്താൻ പദ്ധതികളും ആവിഷ്കരിച്ചു. രാവിലെ എട്ടിന് മന്ത്രിയോ എം.എൽ.എയോ അടക്കം ജനപ്രതിനിധികൾ ഫ്ലാഗ് ഓഫ് ചെയ്യുന്ന മൊബൈൽ സ്റ്റോറുകൾ വൈകുന്നേരം ഏഴുവരെ പ്രയാണം നടത്തും. അവധി ദിവസങ്ങളിലുമുണ്ടാകും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിലെ താലൂക്കുകളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും മൊബൈൽ മാവേലി സ്റ്റോർ യാത്ര നടത്തുക. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിലും പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ആലപ്പുഴ, തൃശൂർ ജില്ലകളിൽ ആറ്, ഏഴ് തീയതികളിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ എട്ടിനുമാണ് സഞ്ചരിക്കുക.
ഓരോ ജില്ലയിലും കുറഞ്ഞത് അഞ്ചു മൊബൈൽ യൂനിറ്റുകളെങ്കിലും ഒരുക്കണമെന്നാണ് നിർദേശം. ഇതിന് സപ്ലൈകോ മേഖല മാനേജർമാരെ ചുമതലപ്പെടുത്തി. പദ്ധതി ഏകോപനത്തിനായി സപ്ലൈകോ മുഖ്യ കാര്യാലയത്തിൽ കൺട്രോൾ റൂം തുറന്നു. എന്നാൽ, മൊബൈൽ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഇതര സാധനങ്ങളാവും കൂടുതൽ ഉണ്ടാവുക. സബ്സിഡി സാധനങ്ങളുടെ ഇ-ടെൻഡർ നടന്നെങ്കിലും അടുത്ത ആഴ്ചയോടെ മാത്രമേ ഇവ എത്തുകയുള്ളൂ.
ഇതിൽ തന്നെ പതഞ്ജലിക്ക് കരാർ നൽകിയ കുറുവ അരി അടക്കമുള്ളവ എത്താൻ പിന്നെയും വൈകും. ഇതോടെ ജനത്തിന് അവശ്യമായ സാധനങ്ങൾ നൽകാൻ മൊബൈൽ മാവേലി സ്റ്റോറുകൾക്ക് സാധിക്കുമോ എന്നാണ് ജീവനക്കാർ പങ്കുവെക്കുന്ന ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.