മൊബൈൽ മെഡിക്കൽ ക്യാമ്പ് : രണ്ടാം ദിനം സന്ദർശിച്ചത് 455 പേർ
text_fieldsകൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ദിവസം ചികിത്സ തേടിയത് 455 പേർ. തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലേയും കൊച്ചി കോർപ്പറേഷനിലെയും വിവിധ മേഖലകളിലായിരുന്നു ക്യാമ്പുകൾ നടത്തിയത്.
അഞ്ച് യൂനിറ്റുകളായിരുന്നു ചൊവ്വാഴ്ചത്തെ മൊബൈൽ മെഡിക്കൽ ക്യാമ്പിൽ നടത്തിയത്. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ഓരോ യൂനിറ്റുകൾ വീതവും കോർപ്പറേഷൻ പരിധിയിൽ മൂന്ന് യൂണിറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. തൃക്കാക്കര നഗരസഭയിൽ സുരഭി നഗർ വായനശാലയ്ക്ക് സമീപം നടത്തിയ ക്യാമ്പിൽ 52 പേരായിരുന്നു പരിശോധനയ്ക്ക് എത്തിയത്.
നിലംപതിഞ്ഞിമുകൾ ഭാഗത്തെ ക്യാമ്പിൽ 78 പേരുമെത്തി. തൃപ്പൂണിത്തുറയിലെ ആദ്യ ക്യാമ്പ് നടന്നത് ഇരുമ്പനം എൽ.പി സ്കൂളിന് സമീപത്തായിരുന്നു. 140 പേർ ഇവിടെയും പിന്നീട് കടകോടം ഭാഗത്ത് സംഘടിപ്പിച്ച ക്യാമ്പിൽ 45 പേരും സന്ദർശിച്ചു. കോർപ്പറേഷൻ ഭാഗങ്ങളിൽ കുടുമ്പി കോളനി, വൈറ്റില, ഗിരിനഗർ, ചമ്പക്കര, തമ്മനം, ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിലായിരുന്നു മെഡിക്കൽ ക്യാമ്പുകൾ നടത്തിയത്.
കുടുമ്പി കോളനിക്ക് സമീപത്തെ ക്യാമ്പിൽ 21 പേരും വൈറ്റില ജനത ഭാഗത്ത് നടത്തിയ ക്യാമ്പിൽ 23 പേരും പങ്കെടുത്തു. ഗിരിനഗർ കമ്യൂണിറ്റി ഹാളിൽ 29 പേർ ചികിത്സ തേടിയപ്പോൾ ചമ്പക്കര എസ്.എൻ.ഡി.പി ഹാളിൽ 14 പേരും ചികിത്സ തേടി. തമ്മനം ലേബർ കോളനിയിൽ 20 പേരും ചങ്ങമ്പുഴ പാർക്കിന് സമീപം 33 പേരുമായിരുന്നു സന്ദർശിച്ചത്
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ നടത്തുന്നത്.
യൂനിറ്റുകളിൽ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ട്. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.