മൊബൈൽ ഫോൺ, ഇൻറർനെറ്റ് ദുരുപയോഗം; മൂന്നുവർഷത്തിനിടെ പൊലിഞ്ഞത് 24 കുട്ടികളുടെ ജീവൻ
text_fieldsകൊച്ചി: കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ, ഇൻറർനെറ്റ് ദുരുപയോഗത്തിലൂടെ കണ്ണീരിലായത് നിരവധി കുടുംബങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് 24 കുട്ടികളുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
2021 മുതൽ ഇക്കഴിഞ്ഞ മേയ് വരെയുള്ള കണക്കുകളാണിത്. മൊബൈൽ ഫോണും ഇൻറർനെറ്റും കുട്ടികളുടെകൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ് ഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് തള്ളപ്പെട്ടതെന്നാണ് വിലയിരുത്തൽ. വിഷാദ രോഗത്തിന് അടിപ്പെടുന്ന കുട്ടികളും നിരവധിയാണ്.
ഇൻറർനെറ്റ് ദുരുപയോഗത്തിലൂടെ ലൈംഗിക ചൂഷണം, ലഹരി കച്ചവടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും കുട്ടികൾ അകപ്പെടുന്നുണ്ട്. ഇത്തരത്തിൽ 19 കുട്ടികളെയാണ് പൊലീസ് കണ്ടെത്തി നിയമനടപടി സ്വീകരിച്ചത്. ഇൻറർനെറ്റിലൂടെ ലഹരിയിലേക്ക് സ്വാധീനിക്കപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഡിജിറ്റൽ അടിമത്തത്തിന് ഇരയാക്കപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുകയാണ്.
നിലവിൽ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിലായി ഡിജിറ്റൽ വിമോചന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുതര ഡിജിറ്റൽ അടിമത്തത്തിന് വിധേയരാക്കപ്പെട്ട കുട്ടികളെ രക്ഷിക്കാൻ സെന്ററുകൾ വഴി 318 കുട്ടികൾക്ക് കൗൺസലിങ് നൽകിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ കൗൺസലിങ്ങിനെത്തുന്നവരും നിരവധിയുണ്ട്.
കുട്ടികളിൽ വലിയൊരു ശതമാനത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സംഘർഷമാണ്. മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാതെ ആത്മഹത്യയിലേക്ക് നീങ്ങുന്ന അപകടകരമായ സാഹചര്യമുണ്ടാകുന്നുവെന്ന് മുമ്പ് പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇത്തരം പ്രശ്നങ്ങളിലെ പരിഹാരത്തിന് മാതാപിതാക്കൾ കുട്ടികളെ അടുത്തറിയുകയെന്നതാണ് പ്രധാനമെന്ന് മനശ്ശാസ്ത്ര വിദഗ്ധർപറയുന്നു. അധ്യാപകർക്കും ഇക്കാര്യത്തിൽ വലിയൊരു പങ്ക് വഹിക്കാനാകുമെന്നും അവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.