മൊബൈൽ ഫോൺ, ഇന്റർനെറ്റ് അടിമത്തം; മോചിതരായത് 600 കുട്ടികൾ
text_fieldsകൊച്ചി: സംസ്ഥാനത്ത് ഒന്നരവർഷത്തിനിടെ ഡിജിറ്റൽ അഡിക്ഷനിൽനിന്ന് മോചിതരായത് അറുനൂറോളം കുട്ടികൾ. കേരള പൊലീസിന്റെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോൺ, ഇൻറർനെറ്റ് അടിമത്വത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ വിവിധ ജില്ലകളിൽ ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളിലാണ് കുട്ടികൾ ചികിത്സ തേടിയത്. ഇക്കാലയളവിൽ കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ട് 860 കേസാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 486 കേസാണ് കൃത്യമായ ചികിത്സയിലൂടെ ആസക്തിയിൽനിന്ന് മോചിതരായത്. ഇവരിൽ 351 പേർ ചികിത്സ തുടരുന്നുണ്ട്. 29 പേർ ചികിത്സ ഇടക്കുെവച്ച് അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ഡിജിറ്റൽ അഡിക്ഷന് ചികിത്സ തേടിയത് കൊല്ലത്താണ് -204 പേർ. തൊട്ടുപിന്നാലെ കണ്ണൂരും (176) തൃശൂരും (174) ആണ്. കോഴിക്കോട് -171, എറണാകുളം -105, തിരുവനന്തപുരം -30 എന്നിങ്ങനെയാണ് ചികിത്സ തേടിയവർ.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൊബൈൽ ഫോൺ, ഇൻറർനെറ്റ് എന്നിവയുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 19 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് സർക്കാർ രേഖ. ഇത്തരം സ്വാധീന വലയങ്ങളിൽപെട്ട് ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപെട്ട 22 കുട്ടികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകളോടുള്ള താൽപര്യം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് 2023 മാർച്ചിൽ ഡി-ഡാഡ് സെൻററുകൾ ആരംഭിച്ചത്.
സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഓഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ കൗൺസലിങ് അടക്കം ചികിത്സകളാണ് നൽകുന്നത്. ആരോഗ്യ-വനിത-ശിശു വികസന-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ അടക്കം ആറ് കേന്ദ്രത്തിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.