അശ്ലീല വിഡിയോ കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോൺ സ്റ്റേഷനിൽനിന്ന് കാണാതായി; എസ്.ഐ അറസ്റ്റിൽ
text_fieldsകൊല്ലം: കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ മാറ്റി പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ എസ്.ഐയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മാറ്റിയ സംഭവത്തിൽ ഇപ്പോൾ നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ മയ്യനാട് കൂട്ടിക്കട സ്വദേശി ഷൂജയാണ് ജില്ല ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്.
ഫോൺ കാണാതായ സംഭവത്തെതുടർന്നാണ് ഷൂജയെ നെടുമങ്ങാട് സ്റ്റേഷനിലേക്ക് മാറ്റിയത്. മറ്റൊരു മോഷണക്കേസിൽ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്.ഐക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. കാണാതായ ഫോൺ യുവാവിൽനിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്.
കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നവരെ പിടികൂടാൻ കഴിഞ്ഞവർഷം സെപ്റ്റംബർ അവസാനം നടത്തിയ ഓപറേഷൻ പി ഹണ്ടിൽ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവ് പിടിയിലായിരുന്നു.
ഇയാളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ പി ഹണ്ട് സംഘം പരവൂർ പൊലീസിന് കൈമാറി. എന്നാൽ, പിടിച്ചെടുത്ത ഫോണിന് പകരം പഴക്കമുള്ള പ്രവർത്തനരഹിതമായ മറ്റൊരു ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. സീലില്ലാതെ ഹാജരാക്കിയതിൽ സംശയം തോന്നിയ കോടതി ജീവനക്കാരൻ ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് മുന്നോടിയായി രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് ഫോൺ മാറ്റിയെന്ന് വ്യക്തമായത്. ഇതോടെ മോഷണക്കുറ്റത്തിന് കേസെടുത്ത് ചാത്തന്നൂർ എ.സി.പി രഹസ്യമായി അന്വേഷണം ആരംഭിച്ചു.
നവംബർ അവസാനം സ്റ്റേഷനിലെ എട്ട് പൊലീസുകാരെ തിരുവനന്തപുരം ജില്ലയിലെ അടക്കം വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പി ഹണ്ട് സംഘം എത്തിച്ച മൊബൈൽ ഫോൺ സ്റ്റേഷനിലെ ഒരു വനിത പൊലീസുകാരിയെയാണ് സൂക്ഷിക്കാൻ ഏൽപിച്ചത്. ഇവരാണ് ഫോൺ മാറ്റിയതെന്ന് വ്യാപകമായി പ്രചാരണമുണ്ടായി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
മാസങ്ങളോളം സ്വിച്ച് ഓഫായിരുന്ന ഫോൺ കഴിഞ്ഞ ദിവസം ഓണാക്കിയപ്പോഴാണ് എസ്.ഐ കുടുങ്ങിയത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിന്‍റെ പേരിലുള്ള സിം ആണ് ഫോണിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. യുവാവ് ബൈക്ക് മോഷണക്കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ ദിവസം പൊലീസ് ജയിലിലെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഷൂജയാണ് ഫോൺ തന്നതെന്ന് വ്യക്തമായി. ഇതോടെ ഇന്നലെ ഷൂജയെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.