ഫോണും നെറ്റുമുണ്ട്; റേഞ്ചിനായി 'ഫോർജി മുക്കിൽ' കയറി കുരിക്കലംപാട്
text_fieldsഎടവണ്ണ: ഫോണും ഇൻറർനെറ്റും ഉണ്ടായിട്ടും റേഞ്ച് ഇല്ലെങ്കിൽ എന്ത് കാര്യം. ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലംപാട് പ്രദേശത്തെ 270 കുടുംബങ്ങളാണ് റേഞ്ചില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മൂന്ന് വാർഡുകൾ ചേർന്ന പ്രദേശം ഒരു കുന്നിൻ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്. റേഞ്ചിനായി ആളുകൾക്ക് കുന്ന് കയറണം. അതുകൊണ്ട് തന്നെ 'ഫോർജി മുക്ക്' എന്നാണ് യുവാക്കൾ ആ കുന്നിനെ വിളിക്കുന്നത്. എന്നാൽ, കുന്ന് കയറുന്നതിൽ വലിയ അപകടമുണ്ടെന്ന് എം.ബി.ബി.എസ് വിദ്യാർഥിയായ അഫ്സൽ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസ് കേൾക്കാൻ വേണ്ടി കുന്നിൻ മുകളിൽ കയറാറായിരുന്നു പതിവ്. ഒരിക്കൽ പാമ്പിെൻറ കടിയിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റേഞ്ചില്ലാത്തതിനാൽ പ്രദേശവാസികളായ വിദ്യാർഥികളും അധ്യാപകരും വർക്ക് അറ്റ് ഹോമിലായ ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്.
ഓൺലൈൻ ക്ലാസ് കേൾക്കാൻ സമീപപ്രദേശത്തെ റേഞ്ച് കിട്ടുന്ന ഒരു വീടിനു മുകളിലാണ് കുട്ടികൾ നിൽക്കുന്നത്. എന്നാൽ, ചെറിയ കുട്ടികൾക്ക് രക്ഷിതാക്കൾ ജോലിക്ക് പോയി വരുമ്പോൾ ക്ലാസ് ഡൗൺലോഡ് ചെയ്ത് കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഒരു വീട്ടിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ ഊഴം വെച്ച് പഠിക്കേണ്ട അവസ്ഥ.
എണ്ണൂറോളം ആളുകൾ താമസിക്കുന്ന പ്രദേശമാണിത്. ഒരു നെറ്റ് വർക്കിനും നിലവിൽ റേഞ്ചില്ല. പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കൂട്ടായ്മ രൂപവത്കരിച്ചു. ടവറിനു വേണ്ട സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയാറാണ്. പ്രദേശത്ത് ഏത് കമ്പനി ആണോ നല്ല കവറേജ് നൽകുന്നത് ആ കണക്ഷനിലേക്ക് മാറാൻ ഇപ്പോൾ തന്നെ അറുനൂറോളം പേർ മുന്നോട്ട് വന്നു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.