മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ മൂന്നു മാസം കൂടി തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ അടുത്ത മൂന്നു മാസം കൂടി തുടരും.
ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. മാര്‍ച്ച് മുതല്‍ 10 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ലാബുകള്‍ മൂന്നു മാസം കൂടി നീട്ടിയത്. ഇതുകൂടാതെ നാല് മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്നു വരുകയാണ്. ഈ മാസം 15നു മുമ്പായി ഇവ പ്രവര്‍ത്തനമാരംഭിക്കും.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും പ്രതിദിന പരിശോധനകളുടെ എണ്ണം ഉയര്‍ത്തൽ ലക്ഷ്യമിട്ടാണ് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
കെ.എ.എസ്.സി.എൽ ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്പ്ള്‍ ശേഖരിച്ച് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി റിസൽറ്റ് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.
ഓരോ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ക്കും പ്രതിദിനം 2000 പരിശോധനകൾ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതത് ജില്ലയിലെ ജില്ല സര്ൈവലന്സ് ഓഫിസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്.
ഡി.എസ്.ഒ നല്‍കുന്ന നിര്‍ദേശത്തിനനുസരിച്ച് ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകളാണ് മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ലാബുകള്‍ വഴി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.