മോക്ഡ്രിൽ ദുരന്തം: ഉദ്യോഗസ്ഥർക്ക് ആശയകുഴപ്പമുണ്ടായെന്ന് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ദുരന്ത നിവാരണ പരിശീലനത്തിനിടെ നാട്ടുകാരനായ യുവാവ് വെണ്ണിക്കുളത്ത് മണിമല ആറ്റിൽ മുങ്ങിത്താഴ്ന്നതിനിടെ രക്ഷിക്കുന്നതിൽ ദേശീയ ദുരന്തനിവാരണ സേനക്കും (എൻ.ഡി.ആർ.എഫ്) അഗ്നി രക്ഷാ സേനക്കും ആശയകുഴപ്പമുണ്ടായതായി ജില്ല ഭരണകൂടത്തിന്‍റെ റിപ്പോർട്ട്. ബിനു സോമൻ മുങ്ങിത്താഴുന്നതിനിടെ രക്ഷിക്കാൻ ഇതാണ് തടസ്സമായതെന്നും തിരുവല്ല സബ്കലക്ടർ ശ്വേത നാഗർ കോട്ടി തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജില്ല കലക്ടർ ഡോ. ദിവ്യ എസ്.അയ്യരുടെ നിർദേശപ്രകാരം സ്ഥലം സന്ദർശിച്ചാണ് അടിയന്തര റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് റവന്യൂവകുപ്പ് മന്ത്രി കെ. രാജന് വെള്ളിയാഴ്ച രാത്രി തന്നെ കൈമാറി. പരിശീലനത്തിൽ പങ്കെടുത്ത നാട്ടുകാരായ മറ്റ് മൂന്നുപേരും ബോട്ടിൽനിന്ന് ഇട്ട്കൊടുത്ത കാറ്റ് നിറച്ച ട്യൂബിൽ പിടിച്ച്കയറിയിരുന്നു. ഇവർക്ക് പിന്നാലെ നീന്തി എത്തിയ ബിനു സോമൻ കൈ ഉയർത്തി താഴ്ന്നുപോയി. എന്നാൽ, ഇത് കാര്യമാക്കാതെ ബിനു ഉയർന്നുവരുമെന്നാണ് എൻ.ഡി.ആർ.എഫ്- അഗ്നി രക്ഷാ സേനാ അംഗങ്ങൾ കരുതിയത്. ഇതിനിടെ മറുകരയിൽനിന്ന് എത്തിയ ബോട്ടിലുള്ളവർ ബിനുവിനെ രക്ഷിക്കുമെന്ന് കരുതി ഇവർ മൂന്നുപേരുമായി കരയിലേക്ക് വരികയായിരുന്നു.
എന്നാൽ, ഈ ബോട്ടിലുണ്ടായിരുന്നവർ കാര്യം മനസ്സിലാക്കി വരുമ്പോഴെ 15 മിനിറ്റ് കഴിഞ്ഞിരുന്നു. അവസരത്തിനൊത്ത് കാര്യം മനസ്സിലാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.